യാത്രക്കാരെ തടഞ്ഞ് പണവും മൊബൈൽ ഫോണുകളും കവർന്നു തടഞ്ഞ രണ്ടുപേർക്ക് വെട്ടേറ്റു രണ്ട് പേർ പിടിയിൽ
നെടുമങ്ങാട്: യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞും വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്പിച്ചും പണവും മൊബൈൽഫോണുകളും കവർച്ച നടത്തിയും ആറംഗ ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം. തിങ്കളാഴ്ച അർദ്ധരാത്രിയോടെ വെഞ്ഞാറമൂട് ജംഗ്ഷനിലും മാവിന്മൂട് ഭാഗത്തും ചൊവാഴ്ച പുലർച്ചെ നെടുമങ്ങാട് - വെമ്പായം റോഡിൽ പനവൂർ, ചുള്ളാളം, മൂഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുമായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പുലർച്ചെയോടെ മെഡിക്കൽ കോളേജിന് സമീപത്തുനിന്നും രണ്ട് പേരെ പൊലീസ് പിടികൂടി. എസ്.ഐയുടെ പിടിയിലായ രണ്ടുപേരെ ചോദ്യം ചെയ്‌തതിൽ നിന്നും ഇവരുടെ സംഘമാണ് വെഞ്ഞാറമൂട്ടിലെ കവർച്ചയ്‌ക്ക് പിന്നിലെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. തോന്നയ്‌ക്കൽ സ്വദേശികളായ തൗഫീക്, അൻസാരി എന്നിവരാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
അക്രമങ്ങൾ ഇങ്ങനെ - രാത്രി 10.50ഓടെ പനവൂരിൽ തടികയറ്റി വന്ന ലോറി തടഞ്ഞ് ക്ളീനറെ മർദ്ദിച്ച് പണം തട്ടിയെടുത്താണ് അക്രമങ്ങൾക്ക് തുടക്കം. ലോറിക്ക് കുറുകെ ബൈക്കുകൾ നിറുത്തി വാളുമായി ചാടിയിറങ്ങിയ സംഘം ക്ളീനറുടെ പക്കലുണ്ടായിരുന്ന പണം കവരുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. രാത്രി 12ഓടെ വെഞ്ഞാറമൂട് സ്വദേശി അബ്ദുൽ ഖരീമിന്റെ ഉടമസ്ഥതയിലുള്ള വെഞ്ഞാറമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കോഹിന്നൂർ ബേക്കറിയിൽ മൂന്ന് പേരടങ്ങുന്ന സംഘം ജൂസ് കുടിക്കാനെന്ന വ്യാജേനയെത്തി. കടയുടമ ജൂസ് അടിക്കുന്നതിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന 30,000 രൂപയും കൈക്കലാക്കി സംഘം രക്ഷപ്പെട്ടു. ഇതിന് ശേഷം പുലർച്ചെ ഒന്നോടെ വെഞ്ഞാറമൂട് വലിയകട്ടയ്‌ക്കാൽ മാവിൻമൂട് ഭാഗത്തു വച്ച് കിൻഫ്രയിൽ ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന മുദാക്കൽ പാലത്തറ എം.ആർ. നാവാസിൽ ഉണ്ണിക്കൃഷ്ണനെ രണ്ടു ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞു നിറുത്തി മാരകായുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം 8000 രൂപ വിലവരുന്ന വാച്ചും 3000 രൂപയും കവർന്നു. പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷമാണ് ചുള്ളാളത്ത് ഫർണിച്ചർ വാങ്ങാൻ പോയി തിരികെ വന്ന ബൈക്ക് യാത്രക്കാരായ രണ്ടുപേരെ തടഞ്ഞുനിറുത്തി 35,000 രൂപയും രണ്ടുഫോണും അക്രമികൾ തട്ടിയെടുത്തത്. പുലർച്ചെ രണ്ടോടെയാണ് മൂഴിയിൽഭാഗത്തുവച്ച് സ്വകാര്യ കൺസ്ട്രക്‌ഷൻ കമ്പനിയിലെ എസ്‌കലേറ്റർ ഓപ്പറേറ്റർമാരും കല്ലിയോട് സ്വദേശികളുമായ ജീവൻ, രാജേഷ് എന്നിവർക്ക് വെട്ടേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കമ്പനി ആവശ്യവുമായി ബന്ധപ്പെട്ട് സിറ്റിയിലെ കൊറിയൻ കമ്പനിയിൽ പോയി തിരികെ വരികയായിരുന്നു ഇവർ. വഴയിലയ്ക്ക് സമീപം വച്ച് ഇവർ സഞ്ചരിച്ച ബൈക്ക് തകരാറിലായി. തുടർന്ന് സ്റ്റേ ബസിൽ പുത്തൻപാലത്ത് ഇറങ്ങി കല്ലിയോട്ടേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പേരൂർക്കടയിലേക്കുള്ള വഴി ചോദിച്ച സംഘം ഫോൺ ചെയ്യാനെന്ന വ്യാജേനെ രാജേഷിനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. സംശയം തോന്നി ഫോൺ കൊടുക്കാൻ താമസിച്ചപ്പോൾ വാളുപയോഗിച്ച് രാജേഷിനെ വെട്ടി. തടയാൻ ശ്രമിച്ച ജീവനും വെട്ടേറ്റു. നിലത്തുവീണ ഇവരുടെ കൈവശമുണ്ടായിരുന്ന പണവും ഫോണുകളും കവർന്നശേഷം കടന്നുകളഞ്ഞു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നിൽ നഗരത്തിലെ ഗുണ്ടാസംഘമാണെന്നും രണ്ട് ബൈക്കുകളിലെത്തിയ ആറു പേരാണ് അക്രമം നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നെടുമങ്ങാട് സി.ഐ ബി.എസ്. സജിമോൻ പറഞ്ഞു.