punching-system

തിരുവനന്തപുരം: ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ജോലി കാര്യക്ഷമമാക്കാൻ ജീവനക്കാർ കൃത്യമായി ഹാജരാകാനാണ് സർക്കാർ പഞ്ചിംഗ് ഏർപ്പെടുത്തിയത്. അത്തരം നിയന്ത്രണങ്ങളിലൊന്നും ഒതുങ്ങാതെ പഞ്ചിംഗ് നടത്തിയ ശേഷം ജോലി ചെയ്യാതെ സ്ഥലംവിടുന്ന അതിമിടുക്കന്മാർക്ക് ഇനി പിടി വീഴും. സി.സി ടിവി കാമറ ഉപയോഗിച്ച് ഈ 'മുങ്ങൽ വിദഗ്ദ്ധരെ' പിടികൂടാൻ പൊതുഭരണ വകുപ്പ് നടപടികൾ എടുക്കുന്നു.

ഇവരെ പിടികൂടി ഗുരുതര അച്ചടക്ക, ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ജോലിക്കെത്തിയ ശേഷം ഒപ്പിട്ടു മുങ്ങുന്നവരുടെ എണ്ണം കൂടിയപ്പോഴാണ് സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഏർപ്പെടുത്തിയത്. അന്ന് ചില സംഘടനകളിൽ നിന്ന് നേരിയ എതിർപ്പും ഉയർന്നിരുന്നു. അതിന് ശേഷമാണ് സെക്രട്ടേറിയറ്റിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കിയത്. എന്നാൽ പല വകുപ്പുകളിലും രാവിലെ ഒമ്പതുമണിക്ക് മുമ്പായി പഞ്ചിംഗ് സംവിധാനം വഴി ഹാജർ രേഖപ്പെടുത്തിയ ശേഷം പല ഉദ്യോഗസ്ഥരും പുറത്തുപോകുന്നതായി വ്യാപകമായി പരാതി ഉയർന്നു. രാവിലെ സ്റ്റൈലിൽ ട്രാക്‌ സ്യൂട്ടൊക്കെ ഇട്ട് പ്രഭാത സവാരിക്ക് ഇറങ്ങുന്ന ചില ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റ് പരിസരത്തൊക്കെ ചുറ്റിപ്പറ്റി നിന്ന് സമയത്ത് പഞ്ചിംഗ്

നടത്തിയ ശേഷം വീട്ടിൽ പോകുന്നതായും പരാതിയുണ്ട്.