cpi

തിരുവനന്തപുരം:തിരുവനന്തപുരം,​ മാവേലിക്കര,​ തൃശൂർ,​ വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പട്ടികകൾ മാർച്ച് ഒന്നിന് തയ്യാറാവും. അതത് ജില്ലാ കൗൺസിലുകൾ മൂന്നോ കൂടുതലോ പേരുള്ള പട്ടിക സമർപ്പിക്കാൻ ഇന്നലെ ചേർന്ന സംസ്ഥാന കൗൺസിൽ നിർദ്ദേശിച്ചു.

തിരുവനന്തപുരത്തേക്ക് തലസ്ഥാന ജില്ലാ കൗൺസിലും മാവേലിക്കരയിലേക്ക് കൊല്ലം,​ ആലപ്പുഴ,​ കോട്ടയം ജില്ലാ കൗൺസിലുകളും തൃശൂരിലേക്ക് തൃശൂർ ജില്ലാ കൗൺസിലും വയനാട്ടിലേക്ക് വയനാട്,​ കോഴിക്കോട്,​ മലപ്പുറം ജില്ലാ കൗൺസിലുകളുമാണ് പട്ടികകൾ തയ്യാറാക്കേണ്ടത്. എട്ട് ജില്ലാ കൗൺസിലുകൾ മൂന്ന് പേരെ വീതം ഉൾക്കൊള്ളിച്ചാൽ തന്നെ രണ്ട് ഡസൻ പേരുകളുണ്ടാവും.

ഈ പട്ടികകൾ മൂന്ന്,​ നാല് തീയതികളിൽ സംസ്ഥാന എക്സിക്യൂട്ടിവ്,​ കൗൺസിൽ യോഗങ്ങൾ പരിഗണിക്കും. ഈ യോഗങ്ങളിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ നാല് മണ്ഡലങ്ങളിലേക്കും മൂന്ന് പേർ വീതം മാത്രമുള്ള സാദ്ധ്യതാപാനൽ തയ്യാറാക്കും. ആ ലിസ്റ്റ് മാർച്ച് നാല് മുതൽ ആറ് വരെ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ്,​ എക്സിക്യൂട്ടീവ്,​ കൗൺസിൽ യോഗങ്ങളുടെ പരിഗണനയ്ക്ക് വിടും. സി.പി.ഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം സ്ഥാനാർത്ഥികളെ അന്തിമമായി പ്രഖ്യാപിക്കും.

കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല മുല്ലക്കര രത്നാകരന് നൽകിയതിനെതിരെ ഇന്നലത്തെ സംസ്ഥാന കൗൺസിൽ യോഗത്തിൽ കൊല്ലത്ത് നിന്നുള്ള അംഗങ്ങൾ രംഗത്തുവന്നു. മുല്ലക്കര പക്ഷം പിടിക്കുന്നയാളാണെന്ന വിമർശനമുയർന്നു. മുകളിൽ നിന്ന് കെട്ടിയിറക്കിയ ആളാണെന്ന് പി.എസ്. സുപാൽ വിമർശിച്ചതായി അറിയുന്നു. ഇതൊരു താൽക്കാലിക ക്രമീകരണമാണെന്നും സ്ഥിരം ജില്ലാ സെക്രട്ടറിയെ ജില്ലാ കൗൺസിൽ തന്നെ നിശ്ചയിക്കട്ടെയെന്നാണ് സംസ്ഥാന സെന്ററിന്റെ തീരുമാനമെന്നും സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു. തുടർന്ന് ഇതിൽ കൂടുതൽ ചർച്ചകളുണ്ടായില്ല. താൽക്കാലിക ചുമതല നൽകുന്നത് ജില്ലയ്ക്ക് പുറത്തുള്ളയാൾക്കാവണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന എക്സിക്യൂട്ടീവിൽ സി.എൻ. ചന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.