higher-secondary

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അദ്ധ്യാപകരുടെയും അടുത്ത അദ്ധ്യയന വർഷത്തെ സ്ഥലംമാറ്റം ജൂണിന് മുമ്പ് നടത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു. ഇതിലേക്ക് ഒാൺലൈൻ വഴി അപേക്ഷകൾ ഉടൻ ക്ഷണിക്കും. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം ആദ്യം നടത്തും. അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി നിർദ്ദേശ പ്രകാരം നിയോഗിച്ച അഞ്ചംഗ സമിതി തയ്യാറാക്കിയ പുതിയ മാനദണ്ഡങ്ങൾ യോഗം ചർച്ച ചെയ്തു.അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ പാർലമെന്റ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വീകരിക്കും.തിരഞ്ഞെടുപ്പിന് ശേഷം സ്ഥലംമാറ്റ ഉത്തരവിറക്കും.

മറ്റ് തീരുമാനങ്ങൾ:

 അഞ്ച് വർഷം ഒരേ സ്കൂളിൽ തുടരുന്ന അദ്ധ്യാപകരുടെ തസ്തികകൾ പൊതുഒഴിവുകളായി കണക്കാക്കുന്ന രീതി തുടരും. ഇത് മൂന്ന് വർഷമായി കുറയ്ക്കണമെന്ന സമിതിയുടെ ശുപാർശ അംഗീകരിച്ചില്ല.

 അനുകമ്പാർഹ സ്ഥലംമാറ്റത്തിനുള്ള നിലവിലെ മാനദണ്ഡം മാറ്റും. ഒാരോ ജില്ലയിലും വരുന്ന വിവിധ വിഷയങ്ങളിലെ ഒഴിവുകൾ ഒറ്റ യൂണിറ്റായി കണക്കാക്കി അതിൽ നിന്ന് പത്ത് ശതമാനം .ഒഴിവുകൾ ഇതിലേക്ക് നീക്കിവയ്ക്കും. നിലവിൽ, ഒാരോ വിഷയവും ഒാരോ യൂണിറ്റായാണ് കണക്കാക്കിയിരുന്നത്.

 ഒാരോ സ്കൂളിലും പ്രിൻസിപ്പൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ അതിന്റെ പേരിൽ പുറത്താവുന്ന അദ്ധ്യാപകന്റെ ഒാപ്ഷൻ വാങ്ങി ഉചിതമായ സ്കൂളിലേക്ക് മാറ്റും.

പൊതുസ്ഥലംമാറ്റത്തിന് ശേഷമുള്ള ഒത്തുതീർപ്പ് സ്ഥലംമാറ്റങ്ങളും ഒാൺലൈൻ വഴിയാക്കും.

പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ,ഹയർ സെക്കൻഡറി ഡയറക്ടറുടെ ചുമതലയുള്ള പി.പി.പ്രകാശൻ,അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.സി.ഹരികൃഷ്ണൻ,എൻ.ശ്രീകുമാർ,മോഹൻ കുമാർ, സാബുജി വർഗീസ്, രാധാകൃഷ്ണൻ, എ.കെ.സൈനുദ്ദീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.