കിളിമാനൂർ: കള്ളൻമാരെ പേടിച്ച് പുറത്തിറങ്ങാനാകാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ട ഗതികേടിലാണ് തൊളിക്കുഴി ഇരുന്നൂട്ടിൽ പ്രദേശത്തെ ജനങ്ങൾ. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ നിരവധി വീടുകളിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ഡിസംബർ 24 ന് ഇരുന്നൂട്ടിൽ സത്യദാസിന്റെ ചെറുമകളുടെ വിവാഹ ദിവസമാണ് പ്രദേശത്തെ മോഷണ പരമ്പരകൾ തുടങ്ങുന്നത്. കല്യാണ ദിവസം വധുവിന്റെ വീട്ടുകാർ കല്യാണ മണ്ഡപത്തിൽ നിന്ന് മറുവീടിന് പോയി തിരികെ വീട്ടിൽ എത്തുന്നതിനിടെയാണ് മോഷണം നടന്നത്. വീടിന്റെ മുൻവാതിൽ തകർത്ത് വീട്ടിനുള്ളിൽ നിന്നും അൻപതിനായിരത്തോളം രൂപയും വസ്ത്രങ്ങളും കവർന്നു. വസ്ത്രങ്ങൾ വാരി വലിച്ചു ഇട്ടതിനാൽ കല്യാണ തലേന്ന് ലഭിച്ച സംഭാവനത്തുക അടങ്ങിയ ബാഗ് മോഷ്ടാവിന് ലഭിച്ചില്ല. കുറച്ചു ദിവസത്തിനു ശേഷം കൊച്ചാലുംമൂട് അജികുമാരൻ നായരുടെ മകളുടെ വിവാഹ ദിവസം പ്രദേശവാസികൾ കല്യാണത്തിന് പോയ തക്കത്തിന് സമീപ വീടുകളിൽ നിന്ന് റബർ ഷീറ്റും കുരുമുളകും മോഷണം പോയി. തുടർന്നിങ്ങോട്ട് മിക്ക ദിവസങ്ങളിലും സമീപ പ്രദേശങ്ങളിലെ നിരവധി ആളുകളുടെ കാർഷിക വിളകൾ മോഷ്ടിക്കപ്പെടുന്നതും നശിപ്പിക്കുന്നതും പതിവായി. ഇക്കഴിഞ്ഞ ദിവസം പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രദേശവാസികൾ ഘോഷയാത്രയ്ക്ക് പോയ സമയം സമീപത്തെ ഒരു വീട്ടിൽ കയറിയ മോഷ്ടാവ് ആഹാരസാധനങ്ങൾ പാത്രത്തോടെ മോഷ്ടിക്കുകയും റബർ പ്ലാറ്റ്ഫോമിൽ തീയിട്ട് പോവുകയും ചെയ്തു. സമീപവാസികൾ കണ്ടതു കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. നിരന്തരം നടക്കുന്ന മോഷണം കാരണം വിശേഷ ദിവസങ്ങളിൽ കുടുംബത്തിലെ എല്ലാവർക്കും പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. വീട് കാവലിന് ആരങ്കിലും നിൽക്കേണ്ട അവസ്ഥയാണിപ്പോൾ. സ്വത്തിനും ജീവനും ഭീഷണിയാകുന്ന മോഷ്ടാവിനെ എത്രയുംവേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.