നദിയാദ് : ഗുജറാത്തിലെ നദിയാദിൽ നടന്ന പെൺകുട്ടികളുടെ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കിരീടം സ്വന്തമാക്കി കേരളത്തിന്റെ പൊൻ താരങ്ങൾ. ഇന്നലെ സമാപിച്ച മീറ്റിൽ ആറ് സ്വർണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 104 പോയിന്റുകൾ നേടിയാണ് കേരളം കഴിഞ്ഞ വർഷങ്ങളിലെ കിരീടക്കുതിപ്പ് തുടർന്നത്. 54 പോയിന്റ് നേടിയ തമിഴ്നാട് രണ്ടാംസ്ഥാനത്തേക്ക് എത്തിയപ്പോൾ ആദ്യ ദിനങ്ങളിൽ മുന്നിട്ടുനിന്ന ഹരിയാനയെയും (36), മഹാരാഷ്ട്രയെയും (40) പിന്തള്ളി ഡൽഹി (41) മൂന്നാം സ്ഥാനത്തെത്തി.
അവസാന ദിവസമായ ഇന്നലെ രണ്ട് സ്വർണവും മൂന്ന് വെള്ളിയുമാണ് കേരളത്തിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ട്രിപ്പിൾ ജമ്പിൽ സാന്ദ്രാ ബാബുവാണ് ആദ്യം സ്വർണം നേടിയത്. 12.54 മീറ്റർ ചാടിയാണ് കോതമംഗലം എം.എ കോളേജ് ഹോസ്റ്റലിൽ പരിശീലിക്കുന്ന മാതിരിപ്പള്ളി സ്കൂളിലെ സാന്ദ്ര മീറ്റിലെ രണ്ടാം സ്വർണം നേടിയത്. നേരത്തേ ലോംഗ് ജമ്പിലായിരുന്നു സാന്ദ്രയുടെ സ്വർണം.
4 x 400 മീറ്റർ റിലേയിലും കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം. സൂര്യമോൾ .ടി, രേഷ്മ .ജി, റിയമോൾ .ജി, ട്രീസാ മാത്യു എന്നിവരടങ്ങിയ ടീം മൂന്ന് മിനിട്ട് 55.45 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. പഞ്ചാബിനെയാണ് പിന്നിലാക്കിയത്.
400 മീറ്റർ ഹർഡിൽസിൽ കേരളത്തിനായി ഡെൽന ഫിലിപ്പ് വെള്ളി നേടി. ഡെൽന ഒരു മിനിട്ട് 04.10 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ ഒരു മിനിട്ട് 02-77 സെക്കൻഡിൽ ഓടിയെത്തിയ കർണാടകയുടെ പ്രജ്‌നയ്ക്കാണ് സ്വർണം.
ട്രിപ്പിൾ ജമ്പിലെ രണ്ടാംസ്ഥാനവും കേരളത്തിനായിരുന്നു. മെറിൻ ബിജുവാണ് ട്രിപ്പിളിൽ വെള്ളി നേടിയത്. 12.02 മീറ്ററാണ് മെറിൻ ചാടിയത്. ആദ്യ ദിനം ഹൈജമ്പിൽ മെറിൻ സ്വർണം നേടിയിരുന്നു.
200 മീറ്ററിൽ ആൻസിസോജനും വെള്ളി ലഭിച്ചു. ഈയിനത്തിൽ ഡൽഹിയുടെ ഋതിക മീറ്റ് റെക്കാഡോടെ സ്വർണം നേടിയപ്പോൾ ആൻസി മീറ്റ് റെക്കാഡ് മെച്ചപ്പെടുത്തി. ഋതിക 24.14 സെക്കൻഡിലും ആൻസി 24.50 സെക്കൻഡിലുമാണ് ഫിനിഷ് ചെയ്തിരുന്നത്. 24.68 സെക്കൻഡായിരുന്നു ഈയിനത്തിലെ റെക്കാഡ്. ആൻസിക്കൊപ്പം മത്സരിച്ച അപർണാറോയ് നാലാമതായി.
ഇവർ പെൺപുലികൾ
6 സ്വർണം
7 വെള്ളി
2 വെങ്കലം
1. സാന്ദ്രാബാബു
ലോംഗ് ജമ്പിലും ട്രിപ്പിൾ ജമ്പിലും സ്വർണം നേടിയാണ് മാതിരിപ്പള്ളി സ്കൂളിലെ സാന്ദ്രാബാബു സീനിയർ നാഷണൽസിലെ കേരളത്തിന്റെ സൂപ്പർ താരമായത്. സാന്ദ്രയുടെ അവസാന സ്കൂൾ മീറ്റായിരുന്നു ഇത്. കോതമംഗലം എം.എ കോളേജ് സ്പോർട്സ് ഹോസ്പിറ്റൽ ടി.പി. ഔസേഫിന് കീഴിലാണ് പരിശീലിക്കുന്നത്.
5.97 മീറ്ററാണ് ലോംഗ് ജമ്പിലെ ദൂരം
12.54 മീറ്ററാണ് ട്രിപ്പിൾ ജമ്പിലെ ദൂരം
2. മെറിൻ ബിജു
ഹൈജമ്പിലെ സ്വർണത്തിനും ട്രിപ്പിൾ ജമ്പിലെ വെള്ളിക്കും ഉടമയായി. 174 മീറ്റർ ചാടി ഹൈജമ്പിൽ പിന്നിലാക്കിയത് കേരളത്തിന്റെ തന്റെ ജിഷ്ണയെയായിരുന്നു. ട്രിപ്പിൾ ജമ്പിൽ സാന്ദ്രയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനം ചാടിയത് 12.02 മീറ്റർ. കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ വിദ്യാർത്ഥിനിയാണ് മെറിൻ.
3. ആൻസി സോജൻ
രണ്ട് വ്യക്തിഗത വെള്ളി മെഡലുകളും റിലേ സ്വർണവും നേടിയാണ് നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആ,സി സോജൻ വിടവാങ്ങൽ മീറ്റ് ഗംഭീരമാക്കിയത്. മീറ്റിന്റെ മൂന്ന് ദിവസവും മെഡൽ നേടിയ താരവും ആൻസിയാണ്. ആദ്യ ദിനം 100 മീറ്റർ വെള്ളി. രണ്ടാം ദിനം 4x100 മീറ്റർ റിലേയിൽ സ്വർണം. ഇന്നലെ 200 മീറ്ററിൽ വെള്ളി.
4. അപർണ റോയ്
100 മീറ്റർ ഹർഡിൽസിലും 4x100 മീറ്റർ റിലേയിലും സ്വർണം നേടിയാണ് കോഴിക്കോട് പുല്ലുരാരംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ അപർണാ റോയ് തന്റെ അവസാന സ്കൂൾ മീറ്റ് അതിഗംഭീരമാക്കിയത്. കേരളത്തിന്റെ മുൻ സ്കൂൾ ഫുട്ബാൾ ക്യാപ്ടൻ കൂടിയായ അപർണ ഇന്നലെ 200 മീറ്ററിൽ മത്സരിക്കാനിറങ്ങിയെങ്കിലും നാലാമതായി. അപർണയുടെ ആറാമത്തെ സ്കൂൾ നാഷണൽ മീറ്റായിരുന്നു ഇത്. 11 സ്വർണ മെഡലുകളാണ് അപർണ ദേശീയ മീറ്റുകളിൽ നിന്ന് നേടിയത്.
ആൺകുട്ടികളുടെ മീറ്റ് 15 മുതൽ
സീനിയർ ആൺ കുട്ടികളുടെ സ്കൂൾ അത്‌ലറ്റിക് മീറ്റ് ഇതേ വേദിയിൽ 15 മുതൽ 17 വരെ നടക്കും. മത്സരത്തിനുള്ള കേരള ടീം ഇന്നലെ യാത്ര തിരിച്ചു. 14 ന് നദിയാദിലെത്തും. പെൺകുട്ടികളുടെ ടീം 14 ന് നാട്ടിലേക്ക് മടങ്ങും.
ഇവർ പരിശീലകർ
ജി.എച്ച്.എസ്.എസ് മുളന്തുരുത്തിയിലെ ജോസ് ജോണാണ് കേരള സംഘത്തിന്റെ ജനറൽ മാനേജർ. ടോമി ചെറിയാൻ, ജിക്കു.സി. ചെറിയാൻ, സജി അഗസ്റ്റിൻ, ജിജി പോൾ, ഷാജു സെബാസ്റ്റ്യൻ, റാണിമോൾ ജോർജ്, ഡോ. ദിവ്യ വർഗീസ് എന്നിവരും പരിശീലക സംഘത്തിലുണ്ട്. ഡോക്ടർമാരായി പി.കെ. ഷിജിയും അനുപ്രിയയും.