തിരുവനന്തപുരം : പൊങ്കല അർപ്പിക്കുന്ന പാതയോരങ്ങൾ ശുചിയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് നഗരസഭ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ ക്ഷേത്രം ആഡിറ്റോറിയത്തിൽ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണം. ഇപ്പോൾ കാണാത്ത ഏതെങ്കിലും പ്രശ്നം ഉയർന്നുവന്നാൽ അത് പരിഹരിക്കുന്നതിനും സജ്ജമാകണം. മറ്റു സ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് കുളിക്കാനും മറ്റും സൗകര്യങ്ങൾ ഒരുക്കണം. ഇതിനായി മൊബൈൽ ബാത്ത്‌റൂമുകൾ ഉൾപ്പെടെ സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊങ്കാലയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് പൊങ്കാലയെ ബാധിക്കാതിരിക്കാനുള്ള നടപടികൾ എടുത്തുകഴിഞ്ഞു. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവണമെന്നും മന്ത്രി പറഞ്ഞു. 22 വാർഡുകളിൽ മരാമത്ത് പണികൾ പൂർത്തിയായതായും, തെരുവുവിളക്കുകൾ മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. വിവിധ വകുപ്പുകൾ നേരത്തേ തന്നെ ഉണർന്ന് പ്രവർത്തിച്ചത് പൊങ്കാലയുടെ ഒരുക്കങ്ങൾ കൂടുതൽ സുഗമമാക്കിയതായി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ശിശുപാലൻ നായർ പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഡി.ജി.പി ലോക്നാഥ് ബെഹ്‌റ, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, അനിൽകാന്ത്, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ കൗൺസിലർമാർ, ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഒരുക്കങ്ങൾ

1240 താത്കാലിക ടാപ്പുകൾ സ്ഥാപിക്കുന്നത് ശനിയാഴ്ചയോടെ പൂർത്തിയാക്കും

ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിക്കും.

നഗരസഭ സ്ഥാപിക്കുന്ന കിയോസ്‌കുകളിലും വെള്ളം ലഭ്യമാക്കും

ആറുകിലോമീറ്റർ പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാൻ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചു

16 താത്കാലിക വൈദ്യുതി കണക്‌ഷനുകളും അനുവദിച്ചു

കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ചു

ക്ഷേത്രപരിസരത്തെ 13 റോഡുകളിലായി 18 കി.മീ അറ്റകുറ്റപ്പണി പൂർത്തിയാക്കി

മണക്കാട്, കിള്ളിപ്പാലം ഭാഗങ്ങളിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ പണി പുരോഗമിക്കുന്നു

ആരോഗ്യ വകുപ്പിന്റെ ആംബുലൻസ്, മെഡിക്കൽ സംഘം തുടങ്ങിയവ സജ്ജമായി

 ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന പൂർത്തിയാക്കി

ഇന്ന് മുതൽ അന്നദാനം നടത്തുന്നവർക്കായുള്ള രജിസ്‌ട്രേഷൻ കൗണ്ടർ ക്ഷേത്രപരിസരത്ത് പ്രവർത്തിക്കും

പൊലീസ് സുസജ്ജം

1600 വനിതാ പൊലീസ്

50 വനിത കമാൻഡോസ് ഉൾപ്പെടെ 3700 പൊലീസുകാർ

നഗരത്തിൽ സി.സി ടിവി നിരീക്ഷണം കർശനമാക്കി

തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന വനിതാ പൊലീസുകാരെ സ്‌പോട്ടർമാരായി ഉപയോഗിക്കും

ജനമൈത്രി പൊലീസിനെയും വിന്യസിക്കും

പ്രവർത്തനങ്ങൾ ക്ഷേത്രപരിസരത്തെ പൊലീസ് കൺട്രോൾ റൂം ഏകോപിപ്പിക്കും

ജലവിതരണം മുടങ്ങാതിരിക്കാൻ പൊലീസ് ടാങ്കറുകൾ വിട്ടു നൽകും

തിരുട്ട് സംഘങ്ങളെ പിടിക്കാൻ തമിഴ്നാട് പൊലീസ്

തിക്കും തിരക്കും മുതലാക്കി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന തമിഴ്നാട്ടിൽ നിന്നടക്കമുള്ള തിരുട്ട് സംഘങ്ങളെ കണ്ടെത്തി പിടികൂടുന്നതിന് തമിഴ്നാട് പൊലീസ് സംഘത്തെ നിയോഗിച്ചു

പതിവ് മോഷ്ടാക്കളുടെ ഫോട്ടോയും വിശദവിവരങ്ങളുമായാണ് തമിഴ്നാട് പൊലീസ് എത്തുന്നത്

 മാല മോഷണസംഘത്തെ ക്ഷേത്രത്തിനകത്തോ പരിസരങ്ങളിലോ കണ്ടാൽ പിടികൂടും

 സ്ത്രീകൾക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിന് വിനിതാ പൊലീസിനെ ഉൾപ്പെടുത്തി കോബ്രാ പട്രോളിംഗും ആരംഭിച്ചു

രാത്രിയും പകലുമായി ക്ഷേത്ര പരിസരത്തെ പ്രധാന വഴികളും, ഇടുങ്ങിയ വഴികളിലും ശക്തമായ പട്രോളിംഗ് നടത്തും

എട്ട് സ്‌പെഷ്യൽ ട്രെയിനുകൾ

പൊങ്കാല ദിവസം എട്ട് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളെക്കാൾ കൂടുതലാണിത്. പൊങ്കാലയ്‌ക്കെത്തുന്ന ഭൂരിഭാഗം പേരും ടിക്കറ്റ് എടുക്കാൻ കഴിയാതെ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ആ നഷ്ടം പരിഹരിക്കുന്നതിന് ക്ഷേത്ര ട്രസ്റ്റ് രണ്ട് ട്രെയിനുകൾ സ്‌പോൺസർ ചെയ്യണമെന്ന് യോഗത്തിൽ പങ്കെടുത്ത റെയിൽവേ ഉദ്യോഗസ്ഥർ ആവശ്യപ്പട്ടു. എന്നാൽ കേരളത്തിലുള്ളവർ മറ്റ് സമയങ്ങളിലെല്ലാം കൃത്യമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും അതിനാൽ ഈ നഷ്ടം കണക്കാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ഹാസ്യരൂപേണ മടുപടി നൽകി.