പത്മകുമാറിന് പുതിയ പദവി നൽകിയില്ല
തിരുവനന്തപുരം: ദാസ്യവേല വിവാദത്തിൽ കുടുങ്ങി ബെറ്റാലിയൻ എ.ഡി.ജി.പി സ്ഥാനത്തു നിന്ന് തെറിച്ച സുധേഷ്‌കുമാറിന് പുതിയ സ്ഥാനലബ്ദി. ഗതാഗത കമ്മിഷണറായാണ് സർക്കാർ നിയമനം നൽകിയത്. ഗതാഗതവകുപ്പിൽ നിന്ന് കെ.പത്മകുമാറിനെ മാറ്റി. പത്മകുമാറിന് പകരം പദവി നൽകിയിട്ടില്ല. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
സുധേഷ്‌കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്ക്കറെ മർദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. തുടർന്ന് സുധേഷ്‌കുമാറിനെ കഴിഞ്ഞ വർഷം ജൂണിലാണ് ബെറ്റാലിയൻ എ.ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയത്. ഏതാനും മാസങ്ങൾക്ക് ശേഷം കോസ്റ്റൽ പൊലീസിലേക്ക് മാറ്റി. പൊലീസുകാരെ കൊണ്ട് ഇദ്ദേഹം ദാസ്യപ്പണി ചെയ്യിക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു.
ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്‌മേത്തയ്ക്ക് ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡ് ചെയർമാന്റെ അധികച്ചുമതല കൂടി നൽകി. ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ എൻ. പ്രശാന്തിനെ നിയമിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിൽ വരുന്ന പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ എൻജിനീയറിംഗ് സർവ്വീസ്, മുനിസിപ്പൽ കോമൺ സർവ്വീസ് എന്നിവ ഏകോപിപ്പിച്ച് പൊതു സർവ്വീസ് രൂപീകരിക്കുന്നതിന് മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യാനും തീരുമാനിച്ചു. ഇതിന്റെ കരട് നിയമബില്ലിനും അംഗീകാരം നൽകി.