uefa-champions-league
uefa champions league

ആംസ്റ്റർഡാം : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദ പ്രീക്വാർട്ടർ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ഇന്ന് ഡച്ച് ക്ളബ് അയാക്സിനെ നേരിടും. അയാക്സിന്റെ തട്ടകമായ യൊഹാൻ ക്രൈഫ് അരീനയിലാണ് ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക് മത്സരം തുടങ്ങുന്നത്.

കഴിഞ്ഞ തവണ കിരീടം നേടിക്കൊടുത്ത സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ സിനാദിൻ സിദാനും ഇല്ലാതെയാണ് റയൽ ഇക്കുറി നോക്കൗട്ട് റൗണ്ടിലേക്ക് ഇറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ റയലിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായി സിദാൻ പടിയിറങ്ങിയപ്പോൾ ക്രിസ്റ്റ്യാനോ ഇറ്റാലിയൻ ക്ളബ് യുവന്റ്സിലേക്ക് കുടിയേറുകയായിരുന്നു.

ക്കിം ബെൻസേമ, ഗാരേത്ത് ബെയ്‌ൽ, മാഴ്സെലോ, സെർജിയോ റാമോസ് തുടങ്ങിയവരിലൂടെ ഇക്കുറിയും കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് റയൽ ഇറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും റയൽ ജയിച്ചിരുന്നു. ബാഴ്സലോണയ്ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡ് ഡർബിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1 ന് തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് റയൽ താരങ്ങൾ അയാക്സിനെ നേരിടാൻ ഹോളണ്ടിലേക്ക് വിമാനം കയറിയത്.

അതേസമയം അത്ര മികച്ച ഫോമിലല്ല അയാക്സ്. കഴിഞ്ഞ മത്സരങ്ങളിൽ ജയിക്കാൻ കഴിഞ്ഞത് രണ്ടെണ്ണത്തിൽ മാത്രമാണ്. ഒരെണ്ണത്തിൽ സമനില നേടിയപ്പോൾ രണ്ട് കളികളാണ് തോറ്റത്. ഹണ്ട്‌ലിയാർ, ഡേൽ ബ്ളിൻഡക തുടങ്ങിയവരാണ് അയാക്സ് നിരയിലെ സൂപ്പർ താരങ്ങൾ.

ഇന്ന് രാത്രി നടക്കുന്ന മറ്റൊരു ആദ്യപാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടും. ടോട്ടൻഹാമിന്റെ ഹോം ഗ്രൗണ്ടായ വെംബ്ളി സ്റ്റേഡിയത്തിലാണ് മത്സരം.