തിരുവനന്തപുരം: പ്രളയബാധിത മേഖലകളിൽ കാർഷിക വായ്പകൾക്ക് ജപ്തി നോട്ടീസ് നല്കുന്നതിൽ നിന്ന് ബാങ്കുകൾ പിന്മാറണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ഒൗദ്യോഗികമായി ആവശ്യപ്പെടാൻ മന്ത്രിസഭ തീരുമാനിച്ചു.
പ്രളയത്തിനു ശേഷം വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ പല ബാങ്കുകളും വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയുടെ ഇടപെടൽ. സഹകരണ ബാങ്കുകൾ ഉൾപ്പെടെ കർഷകർക്ക് ജപ്തി നോട്ടീസ് നൽകിയിട്ടുണ്ട്. പ്രളയം മൂലം കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ വയനാട്, ഇടുക്കി ജില്ലകളിൽ ബാങ്കുകൾ കർഷകർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. തുടർന്നാണ് ജപ്തി നടപടികൾ നിറുത്തിവയ്ക്കാൻ സഹകരണ ബാങ്കുകളോടും ബാങ്കേഴ്സ് സമിതി വഴി ഇതര ബാങ്കുകളോടും ആവശ്യപ്പെടുന്നത്.