തിരുവനന്തപുരം : കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്നു. ഏപ്രിൽ ഒന്നുമുതൽ ക്യാഷ് കൗണ്ടർ മുഖേന പണം സ്വീകരിക്കില്ല. ബാങ്ക് വെർച്ച്വൽ അക്കൗണ്ട് വഴിയോ ഓൺലൈനായി മാത്രമേ തുകകൾ അടയ്ക്കാൻ സാധിക്കുകയുള്ളൂ.
ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്നാണ് കെ.എഫ്.സി ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
കെ.എഫ്.സിയിൽ നിന്നെടുത്ത വായ്പയുടെ നമ്പർ തന്നെ അക്കൗണ്ട് നമ്പരായി ഉപയോഗിച്ചുകൊണ്ട് ഫെഡറൽ ബാങ്കിലോ, സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേനയും അവരവരുടെ വെർച്ച്വൽ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാം. തുക നിക്ഷേപിച്ചാലുടൻ അതിന്റെ വിവരങ്ങൾ കെ.എഫ്.സി കോൽസിസ്റ്റം സെർവറിൽ എത്തുകയും ലോൺ അക്കൗണ്ടിൽ വരവുവയ്ക്കകയും ചെയ്യും.
ന്യൂ ജനറേഷൻ ബാങ്കുകൾക്ക് തുല്യമായ ഓൺലൈൻ പേയ്മെന്റ് സംവിധാനത്തോടുകൂടിയ ഓൺ ലൈൻ കസ്റ്റമർ പോർട്ടൽ ഇതിന്റെ ഭാഗമായി നടപ്പാക്കി. ഈ സംവിധാനം വഴി ഉപഭോക്താക്കൾക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്ത് ലോൺ അക്കൗണ്ട് വിവരങ്ങൾ അറിയിക്കാനും അടയ്ക്കേണ്ട തുക ഓൺലൈനായി അടയ്ക്കാനും സാധിക്കും.