നേമം: കൃഷി വകുപ്പിന്റെ അവഗണനയ്ക്ക് പിന്നാലെ നീല കോഴിയുടെയും കാടത്താറാവിന്റെയും ആക്രമണം വെള്ളായണി നിലമക്കരി പാടശേഖരത്തെ കർഷകരെ ദുരിതത്തിലാക്കുന്നു. കൃഷി വകുപ്പിന്റെ സഹായമില്ലാതെ തന്നെ കൃഷിയുമായി മുന്നോട്ടു പോകാൻ തയ്യാറായ കർഷകർക്കാണീ ദുരിതം. 20 വർഷമായി കൃഷിയിറക്കാതിരുന്ന നിലമക്കരി പാടശേഖരത്ത് കഴിഞ്ഞ വർഷം 20 ഹെക്ടർ നെൽകൃഷി നടത്തി കർഷകർ വിജയിച്ചിരുന്നു. ഹെക്ടറിന് 30,000 രൂപ എന്ന കണക്കിന് കൃഷി വകുപ്പിൽ നിന്നും അന്ന് സഹായം ലഭിച്ചെങ്കിലും ഇത്തവണ വകുപ്പിൽ നിന്നും യാതൊരു സഹായവും ലഭിച്ചില്ല.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ
ഇത്തവണ 30 ഹെക്ടറിലാണ് കൃഷിയിറക്കിയത്. നിലം ഉഴുന്നതിനിടയിൽ ട്രാക്ടർ ചെളിയിൽ താഴുന്നതായിരുന്നു കർഷകർ നേരിട്ട ആദ്യ പ്രതിസന്ധി. വെള്ളായണി കാർഷിക കോളേജിൽ നിന്നും അനുവദിച്ച 2 ട്രാക്ടറിൽ ഒരെണ്ണം കരയ്ക്കെത്തിക്കാൻ ഇനിയും സാധിച്ചിട്ടില്ല. കൃഷിയില്ലാതിരുന്ന കാലത്ത് വ്യാപകമായി മണ്ണെടുപ്പ് നടന്നതു കാരണം പാടത്ത് പല സ്ഥലങ്ങളിലും കുഴികൾ രൂപം കൊണ്ടു. ഇത് കൃത്യമായി മനസിലാക്കുവാൻ ഡ്രൈവർക്ക് സാധിക്കാത്തതിനെ തുടർന്നാണ് ട്രാക്ടർ കുഴിയിൽ താഴ്ന്നത്.
ട്രാക്ടർ പ്രശ്നം പരിഹരിച്ച് വിത്ത് മുളച്ചു തുടങ്ങിയതോടെയാണ് കാടത്താറാവിന്റെയും നീല കോഴിയുടെയും ആക്രമണം ആരംഭിച്ചത്. ഇത് മറ്റു പക്ഷികളുടെ ആക്രമണത്തെ പോലെയല്ലത്രെ. വെടി പൊട്ടിച്ചാലൊ കല്ലെറിഞ്ഞാലൊ ഇവ പോവുകയില്ല, കാട താറാവുകൾ പൊന്തക്കാടുകളിൽ നിന്നും രാത്രിയാണ് കൃഷിയിടങ്ങളിൽ ഇറങ്ങി നെല്ല് കൊത്തി കൊണ്ടു പോവുന്നതെന്ന് നിലമക്കരി കർഷകൻ മോഹൻ പറഞ്ഞു.
മാലിന്യ കുപ്പികളും പ്രശ്നമാകുന്നു
വെള്ളായണി പ്രദേശം സന്ദർശിക്കുന്നവർ വലിച്ചെറിയുന്ന കുപ്പികളാണ് കർഷകരെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നം. ചെളിയിൽ താഴ്ന്നു കിടക്കുന്ന കുപ്പി ചില്ലുകൾ കർഷകരുടെ കാലിൽ കുത്തി കയറി മുറിവ് സംഭവിക്കുന്നതും പതിവാണ്.
തൂമ്പുകൾ അടയുന്നു
ഓരോ പാടശേഖരത്തിൽ നിന്നും കനാലിലേയ്ക്ക് തൂമ്പുകൾ വെട്ടിയിട്ടുള്ളത് കനാലിലെ വെള്ളം പാടത്തേയ്ക്ക് എത്തുവാൻ സഹായിക്കും. എന്നാൽ നിർമ്മാണത്തിലിരിക്കുന്ന പുഞ്ചക്കരി ശിവോദയം റോഡ് പണിയിൽ തൂമ്പുകൾ അടച്ച് അശാസ്ത്രീയമായി നിർമ്മാണ പ്രവർത്തനം നടക്കുന്നതായി കർഷകർ പരാതിപ്പെട്ടു.