ദുബായ്: കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് ഉയർന്ന ഡിവിഡന്റും ജീവിതാവസാനം വരെ പെൻഷനും നൽകുന്ന പദ്ധതിക്ക് രൂപരേഖയായി. നാളെ ദുബായിൽ നടക്കുന്ന ലോകകേരള സഭ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തുടക്കംകുറിക്കും. പ്രവാസി നിക്ഷേപം സ്വരൂപിക്കാൻ പ്രത്യേക കമ്പനി, പ്രവാസി ഗവേഷണത്തിന് അന്താരാഷ്ട്ര പ്രവാസി പഠന കേന്ദ്രം, മടങ്ങിയെത്തുന്ന പ്രവാസികളുടെ ആഭിമുഖ്യത്തിലുള്ള നിർമ്മാണ കമ്പനി, പുനരധിവാസ പദ്ധതികൾ എന്നിവയും ലോകകേരളസഭയിൽ പ്രഖ്യാപിക്കും.

ചുരുങ്ങിയത് 5 ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്നവ‌ർക്ക് പെൻഷൻ പദ്ധതിയിൽ അംഗമാകാം. കേരളത്തിന്റെ വികസനത്തിനുള്ള അടിസ്ഥാന സൗകര്യ വികസനനിധിയിലോ (കിഫ്ബി) സമാന ഏജൻസികളിലോ ആണ് ഈ പണം നിക്ഷേപിക്കുക. 12 ശതമാനം പലിശത്തുക ഡിവി‌ഡന്റായി നിക്ഷേപകന് നൽകും. അഞ്ച് വർഷം പൂർത്തിയായാൽ പ്രതിമാസ വരുമാനം ലഭിച്ചുതുടങ്ങും. ഇതിനുശേഷം എപ്പോൾ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയാലും പെൻഷനും ലഭിക്കും. പ്രതിമാസം മിനിമം 2000 രൂപയാണ്‌ പെൻഷൻ. പ്രായം ബാധകമല്ല. പലിശയും സർക്കാർ വിഹിതവും ചേർത്താണ് പെൻഷൻ നൽകുക. ഇതിന്റെ കൃത്യമായ കണക്ക് പിന്നാലെ ക്രമീകരിക്കും.

ദുബായ് എത്തിസലാത്ത് അക്കാഡമി ഹാളിലാണ് 15, 16 തീയതികളിൽ ലോകകേരളസഭ ചേരുക. പ്രവാസികളുടെ ക്ഷേമ, തൊഴിൽ പ്രശ്‌നങ്ങളും മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും ചർച്ചയാവും. സഭയുടെ ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ 48 ശുപാർശകൾ സർക്കാരിന് നൽകിയിട്ടുണ്ട്. 3.5 മില്യൺ പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് 150 അംഗങ്ങൾ സഭയിൽ പങ്കെടുക്കും. യു.എ.ഇയിലെ മലയാളികളെ പ്രതിനിധീകരിച്ച് 25 പേരുണ്ടാവും. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ, കെ.സി. ജോസഫ് എം.എൽ.എ, ചീഫ് സെക്രട്ടറി ടോംജോസ്, പ്രവാസികാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, പ്രവാസി ക്ഷേമനിധിബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ്, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ, സി.ഇ.ഒ കെ. ഹരികൃഷ്‌ണൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. 2020 ജനുവരിയിൽ നിയമസഭയിൽ നടത്തുന്ന വിശാല സഭയ്ക്ക് മുന്നോടിയായാണ് പശ്ചിമേഷ്യൻ സമ്മേളനം.

ലക്ഷ്യം
ബാങ്കുകളിൽ കുന്നുകൂടുന്ന പ്രവാസികളുടെ നിക്ഷേപം കേരളത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന പദ്ധതിയാണിത്. പ്രവാസിപ്പണം ഉപയോഗിച്ച് അടിസ്ഥാനസൗകര്യവികസനത്തിൽ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സഭയിൽ പ്രമുഖ മലയാളി വ്യവസായികൾ

പശ്ചിമേഷ്യയിലെ പ്രമുഖ മലയാളി വ്യവസായികളായ ഡോ. എം.എ. യൂസഫലി, ഡോ. രവിപിള്ള, ഡോ. ആസാദ്‌മൂപ്പൻ തുടങ്ങിയവർ സഭയിൽ പങ്കെടുക്കും. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികളുമെത്തും. 15ന് വൈകിട്ട് 7ന് എത്തിസലാത്ത് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തിൽ 15000 പ്രവാസികൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യു.എ.ഇയിലെത്തി.