തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് ഉത്തരേന്ത്യയിൽ പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പുറത്തെടുക്കാൻ ബി.ജെ.പി. ഒരു വോട്ടർപോലും തങ്ങളുടെ റഡാറിൽ നിന്ന് വിട്ടുപോകാതിരിക്കാനും അവസാന ബി.ജെ.പി അനുഭാവിയെവരെ ചുമതലക്കാരനാക്കിയും വിജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിൽ തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി. വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാക്കും ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുക. ഇതിനായി വോട്ടർ പട്ടികയിലെ ഒരു പേജിന്റെ ചുമതല ഒരു പ്രവർത്തകന് നൽകും. ഇവരെ പേജ് പ്രമുഖർ എന്നാവും അറിയപ്പെടുക. ഉത്തരേന്ത്യയിൽ പന്നാ പ്രമുഖ് എന്ന പേരാണ് ഇവർക്ക് നൽകിയിരുന്നത്.
വോട്ടർ പട്ടികയിലെ ഒരു പേജിൽ 30 വോട്ടർമാരുടെ പേരുവിവരമാകും ഉണ്ടാവുക. അവരെ ഓരോരുത്തരെയായി നിരന്തരം കണ്ട് തങ്ങൾക്ക് അനുകൂലമാക്കുക എന്നതാവും പേജ് പ്രമുഖരുടെ ജോലി. പേജ് പ്രമുഖരെ കണ്ടെത്താനുള്ള നടപടി പാർട്ടി തുടങ്ങി.
ഒരു ലോക്സഭാ മണ്ഡലത്തിൽ ശരാശരി 40,000 പേരും കേരളമൊട്ടാകെ എട്ടുലക്ഷം പേരുമാണ് പേജ് പ്രമുഖരായി വേണ്ടത്. ഇവർ സജീവമായാൽ തിരഞ്ഞെടുപ്പിൽ കാര്യമായ മാറ്രമുണ്ടാക്കാൻ കഴിയുമെന്നാണ് ബി.ജെ.പി നേതൃത്വം കണക്കൂകൂട്ടുന്നത്. പത്ത് ലോക്സഭാ മണ്ഡലത്തിലെങ്കിലും പേജ് പ്രമുഖരെ കണ്ടെത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ജനപ്രിയ നേതാക്കളെ പങ്കെടുപ്പിച്ച് മുഴുവൻ പേജ് പ്രമുഖരെയും വിളിച്ചുകൂട്ടാനും നീക്കമുണ്ട്. ബി.ജെ.പി ഏറ്രവും കൂടുതൽ ശ്രദ്ധ കൊടുക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയിലെ പേജ് പ്രമുഖരുടെ യോഗം നാളെ നടക്കും. ഈ പരിപാടിയിൽ 30,000 പേരെ പങ്കെടുപ്പിക്കും. പേജ് പ്രമുഖരെ രംഗത്തിറക്കാനാണ് ദേശീയ നേതാക്കളുടെ സാന്നിദ്ധ്യം പ്രയോജനപ്പെടുത്തുന്നത്. ഇവർക്കുള്ള മാർഗനിർദ്ദേശങ്ങൾ താഴെ തലത്തിൽ നൽകും.
അഞ്ച് ബൂത്തുകൾ ചേർന്നുള്ള ശക്തികേന്ദ്രയും തിരഞ്ഞെടുപ്പ് വിജയത്തിനായി പാർട്ടി രൂപീകരിക്കുന്നു. സംസ്ഥാനത്തെ പകുതിയോളം ബൂത്തുകളിൽ സംഘടനാ പ്രവർത്തനം നിർജീവമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം സജീവമായ ഒന്നോ രണ്ടോ ബൂത്തുകളെ പങ്കാളികളാക്കി ശക്തി കേന്ദ്ര രൂപീകരിക്കുന്നത്.
ദേശീയ നേതാക്കൾ വരുമ്പോൾ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗം വിളിക്കുന്നുണ്ട്. നാളെ പത്തനംതിട്ടയിൽ തിരുവനന്തപുരം, ആറ്രിങ്ങൽ, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിലും യോഗി ആദിത്യനാഥ് പങ്കെടുക്കും. ഇതുപോലെ പാലക്കാട്ടും സമീപ മണ്ഡലങ്ങളിലെ ശക്തി കേന്ദ്ര ഇൻചാർജുമാരുടെ യോഗത്തിൽ അമിത് ഷാ പങ്കെടുക്കും.
പാലക്കാടും ഒന്നാം നിരയിലേക്ക്
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവയോടൊപ്പം കാര്യമായ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്ക് ബി.ജെ.പി പാലക്കാട് ലോക്സഭാ മണ്ഡലത്തെ കൂടി ഉൾപ്പെടുത്തി. നഗരസഭ ഭരിക്കുന്ന ബി.ജെ.പി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.90 ലക്ഷം വോട്ടുകളാണ് പാലക്കാട് ലോക്സഭാ പരിധിയിൽ വരുന്ന മണ്ഡലങ്ങളിൽ നിന്ന് ബി.ജെ.പി നേടിയത്. ബി.ജെ.പിക്ക് നല്ല സ്വാധീനമുള്ളതും 400 മുതൽ 500 വരെ വോട്ട് പിടിക്കാൻ സാധിക്കുകയും ചെയ്യുന്ന 450 ബൂത്തുകൾ ഈ മണ്ഡലത്തിലുണ്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാലക്കാട് മുനിസിപ്പൽ വൈസ് ചെയർമാനും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ സി.കൃഷ്ണകുമാറിന്റെ പേരാണ് പ്രധാനമായും സ്ഥാനാർത്ഥി പരിഗണനയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സാമാന്യ അടിത്തറ മാത്രമുള്ള മലമ്പുഴയിൽ അച്യുതാന്ദനെതിരെ മത്സരിച്ച് അദ്ദേഹം 46,157 വോട്ട് നേടി രണ്ടാം സ്ഥാനത്ത് വന്നിരുന്നു.