ശബരിമല: ഒരു സംഘം യുവതികൾ ശബരിമല ദർശത്തിന് എത്തുന്നുണ്ടെന്ന സൂചനയെ തുടർന്ന് ശബരിമല കർമ്മസമിതിയും സംഘപരിവാർ പ്രവർത്തകരും അയ്യപ്പവേഷത്തിൽ പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ നിലയുറപ്പിച്ചു. പുറമേ ശാന്തമെങ്കിലും യുവതികൾ എത്തിയാൽ മണ്ഡല - മകരവിളക്ക് കാലത്തെപ്പോലെ സംഘർഷഭരിതമാകും കുംഭമാസ പൂജാദിനങ്ങളും.
അയ്യപ്പ ദർശനം കഴിഞ്ഞ് മടങ്ങാതെ വിവിധ ഇടങ്ങളിൽ ഇവർ കേന്ദ്രീകരിക്കുകയാണ്. അതിനിടെ യുവതികൾക്ക് ശക്തമായ സംരക്ഷണം നൽകേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. സുപ്രീംകോടതി, വിഷയത്തിൽ വിധി പറയാനിരിക്കെ സുരക്ഷ ആവശ്യപ്പെട്ട് യുവതികൾ എത്തിയാൽ സംരക്ഷണം പേരിൽ മാത്രമൊതുങ്ങുമെന്നാണ് സൂചന.
കുംഭമാസ പൂജകൾക്കായി ഇന്നലെ വൈകിട്ട് 5നാണ് നട തുറന്നത്. വൈകിട്ട് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു.
സീസണിലെപ്പോലെയുള്ള പൊലീസ് സംവിധാനമാണ് സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് എസ്. പി വി. അജിത്തിന്റെ നേതൃത്വത്തിൽ 375 പൊലീസുകാരും പമ്പയിൽ എസ്.പി മഞ്ജുനാഥിന്റെ നേതൃത്വത്തിൽ 450 പൊലീസുകാരും നിലയ്ക്കലിൽ എസ്.പി പി.കെ.മധുവിന്റെ നേതൃത്വത്തിൽ 500 പൊലീസുകാരുമാണുള്ളത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അയച്ചുതുടങ്ങി.