കൊച്ചി/നെടുമ്പാശേരി: ഡൽഹി കരോൾബാഗിൽ ഹോട്ടലിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളായ അമ്മയുടെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ എട്ടരയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഹൈബി ഈഡൻ എം.എൽ.എ, ചേരനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചേരാനല്ലൂർ പനേലിൽ നളിനി അമ്മ (84), മക്കളായ പി.സി. വിദ്യാസാഗർ (59), പി.സി. ജയശ്രീ (53) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മൃതദേഹങ്ങൾ ചേരനല്ലൂരിലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചു. സാമൂഹിക രാഷ്ട്രീയ മേഖലയിൽ നിന്നടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ ചേരാനല്ലൂരിലെ വീട്ടിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് നളിയമ്മയുടെയും മകൻ വിദ്യാസാഗറിന്റെയും സംസ്കാരം. ഇതിന് ശേഷം ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലേക്ക് കൊണ്ടുപോകും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം മൂന്ന് മണിയോടെ സംസ്കരിക്കും. വിദേശത്തായിരുന്ന ഭർത്താവ് ഉണ്ണിക്കൃഷ്ണൻ ഇന്നലെ വൈകിട്ട് വീട്ടിലെത്തിയിരുന്നു. ജയശ്രീ എരുവേലി എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റായും കണയന്നൂർ താലൂക്ക് എൻ.എസ്.എസ് വനിതാസമാജം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതനായ ചന്ദ്രൻപിള്ളയാണ് നളിനിയമ്മയുടെ ഭർത്താവ്. വിദ്യാസാഗർ വിദേശത്തെ ജോലി മതിയാക്കി ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്.
ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് ഇവർ താമസിച്ചിരുന്ന കരോൾബാഗിലെ അർപ്പിത് പാലസ് ഹോട്ടലിൽ തീപിടിത്തമുണ്ടായത്. ഗാസിയാബാദിലുള്ള സഹോദരിയുടെ ചെറുമകളുടെ വിവാഹത്തിനു ശേഷം ആഗ്ര സന്ദർശിച്ച് ഡൽഹിയിലെത്തിയതായിരുന്ന് നളിനിയമ്മ അടക്കമുള്ള 13 അംഗ മലയാളി സംഘം.
മൂന്നാം നിലയിലായിരുന്ന ഇവരെ ഫയർ ഫോഴ്‌സ് സംഘമെത്തി ജനൽ തകർത്താണ് രക്ഷപ്പെടുത്തിയത്. ജയശ്രീയെ സംഭവ സ്ഥലത്തുവച്ചുതന്നെ തിരിച്ചറിഞ്ഞു. രണ്ട് പേർക്ക് വേണ്ടി നടത്തിയ അന്വേഷണത്തിലാണ് നളിനി അമ്മയുടെയും വിദ്യാസാഗറിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഹരിദ്വാറിലേക്ക് തിരിക്കാനിരിക്കെയായിരുന്നു അപകടം. ജയശ്രീയുടെ മകൻ കഴിഞ്ഞ ദിവസം മുംബയിലേക്ക് മടങ്ങിയിരുന്നു. പ്രായാധിക്യം കാരണം വീൽ ചെയറിലായിരുന്ന നളിനി അമ്മയ്ക്ക് തീപിടിത്തത്തിനിടെ ഓടി രക്ഷപ്പെടാൻ സാധിക്കാത്തതുകൊണ്ട് മക്കൾ മുറിയിൽത്തന്നെ നിൽക്കുകയായിരുന്നു. ഇവർക്ക് പുറമേ,വിദ്യസാഗറിന്റെ ഭാര്യ മാധുരി, മകൻ വിഷ്ണു, നളിനിയമ്മയുടെ മകനും തൃപ്പൂണിത്തുറ എൽ.ഐ.സി ഓഫീസിലെ അസി. മാനേജരുമായ സോമശേഖരൻ, ഭാര്യ ബീന, നളിനിയുടെ മകൾ സുധ, ഭർത്താവ് സുരേന്ദ്രൻ, ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരിശങ്കർ, കുടുംബാംഗമായ സരസ്വതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേരാനല്ലൂരിലെ തറവാട്ടു വീട്ടിൽ മകൾ സുധയ്ക്കും ഭർത്താവ് സുരേന്ദ്രനും ഒപ്പമായിരുന്നു നളിനിയമ്മ താമസിച്ചിരുന്നത്.