editorial-

തലസ്ഥാന നഗരത്തോടു ചേർന്നുകിടക്കുന്ന വെഞ്ഞാറമൂട്ടിലും നെടുമങ്ങാട്ടും പൊതുനിരത്തുകളിൽ തിങ്കളാഴ്ച രാത്രി ഗുണ്ടാസംഘം നടത്തിയ വ്യാപകമായ അക്രമങ്ങൾ രാത്രിയാത്രയ്ക്ക് നിർബന്ധിതരാകുന്നവരിൽ വല്ലാത്ത ഭയാശങ്കകളാണ് ഉളവാക്കിയിരിക്കുന്നത്. അങ്ങിങ്ങ് ഇതുപോലുള്ള അക്രമങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും രാത്രി മുതൽ വെളുപ്പിനു വരെ നീണ്ട ആക്രമണ പരമ്പര അപൂർവമാണ്.

മൂന്ന് പ്രധാന പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ആറുപേരടങ്ങുന്ന അക്രമിസംഘം ഒരു കൂസലുമില്ലാതെ വഴിപോക്കരെ അക്ഷരാർത്ഥത്തിൽ വേട്ടയാടിയത്. ഏതു പാതിരാത്രിയും നിർഭയം സഞ്ചരിക്കാൻ കഴിയുന്നവയാണ് സംസ്ഥാനത്തെ പൊതു നിരത്തുകൾ എന്ന് പൊതുവേ പറയാറുണ്ട്. സംഘടിതമായ ആക്രമണവും പിടിച്ചുപറിയും കുത്തിക്കവർച്ചയും പ്രായേണ ദുർലഭവുമാണ്. എന്നാൽ ഈ വിശ്വാസത്തെ തകർക്കുന്ന സംഭവങ്ങളാണ് പനവൂർ, ചുള്ളാളം, മൂഴി, വെഞ്ഞാറമൂട്, മുക്കന്നൂർ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നടന്നത്. വീടുകളിലേക്കു മടങ്ങിയ ഏഴുപേർക്കാണ് ഗുണ്ടകളുടെ വെട്ടേറ്റത്. ഒരുലക്ഷത്തോളം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. രണ്ട് ബൈക്കുകളിലായി നാടുവിറപ്പിച്ച ഗുണ്ടാസംഘത്തിലെ രണ്ടുപേരെ പൊലീസ് പിന്നീട് തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് ആശുപത്രിക്കടുത്തുവച്ച് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് പണവും മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. അക്രമികളിൽ ശേഷിക്കുന്നവർക്കായുള്ള പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്.

ഗുണ്ടാസംഘങ്ങൾക്ക് യഥേഷ്ടം അഴിഞ്ഞാടാനും പൊലീസ് പിടിയിലായാൽത്തന്നെ വളരെ വേഗം പുറത്തുവരാനുമുള്ള സാഹചര്യങ്ങൾ ഉള്ളതാണ് ഗുണ്ടാ ആക്രമണങ്ങൾ പെരുകാൻ പ്രധാന കാരണം. പ്രത്യക്ഷത്തിൽ ഇവർക്ക് രാഷ്ട്രീയ കക്ഷികളുമായി ബന്ധമൊന്നും കാണണമെന്നില്ല. എന്നാൽ ആര് അധികാരത്തിൽ വന്നാലും ഭരണകക്ഷിക്കാർക്കൊപ്പം ഇവരുമുണ്ടാകും. രാഷ്ട്രീയക്കാരുടെ സഹായമില്ലാതെ ഒരു ഗുണ്ടാസംഘത്തിനും വിഹരിക്കാനാകില്ല. തങ്ങളെക്കൊണ്ട് നേരിട്ടു ചെയ്യാനാകാത്ത പല കാര്യങ്ങൾക്കും രാഷ്ട്രീയക്കാർ ഇത്തരം സാമൂഹ്യവിരുദ്ധ ശക്തികളെ ആശ്രയിക്കുന്നത് ഇവിടെ മാത്രമല്ല, രാജ്യത്ത് എവിടെയും പതിവാണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ജനങ്ങൾ സദാ കണ്ണും കാതും തുറന്നുവച്ചിരിക്കുന്നതിനാൽ കാര്യങ്ങൾക്ക് കുറച്ചൊക്കെ ഒളിവും മറവും ഉണ്ടെന്നു മാത്രം.

ഗുണ്ടാ സംഘങ്ങളെയും സ്ഥിരം ക്രിമിനലുകളെയും അമർച്ച ചെയ്യാൻ പൊലീസ് നിരന്തരം റെയ്‌ഡുകളും പൊതുനിരത്തുകളിൽ രാത്രികാല പട്രോളിംഗും നടത്താറുണ്ടെന്നാണ് കേഴ്‌വി. തിങ്കളാഴ്ച രാത്രിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ രണ്ടുപേരും മംഗലപുരം സ്റ്റേഷന്റെ ഗുണ്ടാപ്പട്ടികയിൽപ്പെട്ടവരാണത്രെ. ഇവരുൾപ്പെട്ട സംഘം അക്രമം നടന്ന പ്രദേശങ്ങളിലെ പാറമടകൾക്ക് സംരക്ഷണം നൽകുന്നവരാണെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. പാറമടകളും മണലൂറ്റു കേന്ദ്രങ്ങളും റിയൽ എസ്റ്റേറ്റ് മേഖലയുമൊക്കെ ഇപ്പോൾ ഇത്തരം സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ സംരക്ഷണയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അനധികൃത ഖനനത്തിന് ഇത്തരം സംഘങ്ങളുടെ സഹായം അനുപേക്ഷണീയമാകയാൽ നിയമപാലകർക്കു പോലും ഇവരെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുമുണ്ട്.

സാധാരണ ഗതിയിൽ തങ്ങളുടെ പ്രവർത്തന മേഖലകളിൽ ഒതുങ്ങിനിൽക്കാറുള്ള സംഘം പുറത്തേക്കും പ്രവർത്തന മേഖല വ്യാപിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് നാട്ടിൽ ജനങ്ങൾക്കിടയിൽ ഭീതി പടരുന്നത്.

പൊലീസിന്റെ രാത്രികാല പരിശോധനകൾ ഫലപ്രദമാകുന്നില്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ് തിങ്കളാഴ്ചത്തെ അക്രമ പരമ്പര. ഒരു രാത്രി മുഴുവൻ ഗുണ്ടകൾ അഴിഞ്ഞാടിയിട്ടും എവിടെയും പൊലീസിന്റെ പൊടിപോലും കണ്ടതില്ല. സ്ഥലം മാറിയെത്തുന്ന പൊലീസ് മേധാവികൾ ആദ്യ ദിനങ്ങളിൽ പരക്കെ റെയ്‌ഡ് നടത്തി സകല ക്രിമിനലുകളെയും പിടികൂടുന്നതായി വാർത്ത കേൾക്കാറുണ്ട്. എന്നാൽ വലയ്ക്കു പുറത്ത് അപ്പോഴും അനവധി ക്രിമിനലുകൾ തക്കം പാർത്തു കഴിയുന്നുണ്ടാവും. ആളുകൾക്ക് രാത്രികാലങ്ങളിലും പ്രാണഭയം കൂടാതെ പുറത്തിറങ്ങി സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതി ഉറപ്പാക്കേണ്ടത് നിയമപാലകരുടെ ചുമതലയാണ്. അതുപോലെ തന്നെ പ്രധാനമാണ് അക്രമങ്ങൾ നടത്തി പിടിയിലാകുന്നവർക്ക് നിയമാനുസൃതമുള്ള ശിക്ഷ ഉറപ്പാക്കണമെന്നതും. നിർഭാഗ്യവശാൽ പലപ്പോഴും രാഷ്ട്രീയ ഇടപെടൽ കാരണം നിയമം നടപ്പാക്കാൻ കഴിയാതെ പൊലീസ് പരിഹാസപാത്രമാകുന്ന സംഭവങ്ങളും ഏറിവരികയാണ്. അക്രമികൾക്കു സംരക്ഷണം നൽകില്ലെന്നു രാഷ്ട്രീയ കക്ഷികൾ തീരുമാനമെടുത്താൽ നാട്ടിൽ സമാധാനാന്തരീക്ഷം പുലരുമെന്നതിൽ യാതൊരു സംശയവുമില്ല.

നാടായ നാടുകളിലെല്ലാം ഉത്സവത്തിന്റെ നാളുകളാണിത്. ഉത്സവപ്പറമ്പുകളിൽ അക്രമത്തിന്റെ തീപ്പൊരി വീഴ്‌ത്തി അന്തരീക്ഷം കലുഷിതമാക്കി അതിൽ നിന്ന് മുതലെടുപ്പ് നടത്താൻ സാമൂഹ്യവിരുദ്ധ ശക്തികൾ ശ്രമിക്കാറുണ്ട്. പൊലീസിന് അധിക ജോലിഭാരം സൃഷ്ടിക്കുന്ന സാഹചര്യമാണ് പലേടത്തുമുള്ളത്. വെഞ്ഞാറമൂട് - നെടുമങ്ങാട് സംഭവങ്ങളിലുൾപ്പെട്ട മുഴുവൻ പേരെയും പിടികൂടി നീതിപീഠത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ട്. ആ ചുമതലയിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകരുത്. രാത്രികാല പൊലീസ് പട്രോളിംഗും ജാഗ്രതയും കൂടുതൽ ഫലപ്രദമാകണം. വാഹന പരിശോധന മാത്രമല്ല സുരക്ഷ ഉറപ്പാക്കാൻ വേണ്ടത്. ഇരുട്ടിന്റെ മറവിൽ ആളുകളെ വേട്ടയാടാൻ ഇറങ്ങിപ്പുറപ്പെടുന്നവരെ കണ്ടെത്തി കൈയാമം വയ്ക്കാനുള്ള ചുമതല പൊലീസിന്റേതാണ്. അന്നന്നത്തെ അദ്ധ്വാനവും കഴിഞ്ഞ് രാത്രി വീടണയാൻ പോകുന്നവരെ തടഞ്ഞുനിറുത്തി ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഗുണ്ടാസംഘങ്ങളുടെ സ്ഥാനം ജയിലറകളിൽത്തന്നെയാകണം.