fuse

കിളിമാനൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിനും സബ് രജിസ്ട്രാർ ഓഫീസിനും ഇടയിൽ ഒരു ഡസനിലേറെ തെരുവ് വിളക്കുകൾ 15 വർഷത്തിലേറെയായി കത്തിച്ചിരുന്നത് മുൻ പഞ്ചായത്ത് സെക്രട്ടറി വാസുദേവൻ പിള്ള (71) യായിരുന്നു. ഇദ്ദേഹത്തിന്റെ വീടിന് മുന്നിലുള്ള പോസ്റ്റിലായിരുന്നു ഫ്യൂസ് സ്ഥാപിച്ചിരുന്നത്. എല്ലാ ദിവസവും വൈകിട്ട് 6ന് കത്തിക്കുകയും രാവിലെ 6 ന് ഫ്യൂസ് ഊരുകയും ചെയ്യുന്നത് ദിനചര്യയായിരുന്നു വാസുദേവൻപിള്ളയ്ക്ക് . പ്രായാധിക്യവും കാലുവേദനയും കാരണം ഈ ദിനചര്യ മാറ്റിവയ്ക്കേണ്ടിവന്നു. ഇക്കാര്യം ഇലക്ട്രിസിറ്റിക്കാരെ അറിയിക്കുകയും ചെയ്തു. നാലഞ്ചു ദിവസം ആളു വന്ന് തെരുവ് വിളക്കുകൾ കത്തിച്ചെങ്കിലും പിന്നെ തിരിഞ്ഞു നോക്കിയില്ല. പരാതിപ്പെട്ടപ്പോൾ ഒന്ന് രണ്ട് ദിവസംകൂടി വിളക്ക് കത്തിച്ചെങ്കിലും വീണ്ടും മുടങ്ങി. ഇതിനിടയിൽ റോഡ് വികസനത്തിനായി പോസ്റ്റ് മാറ്റി സ്ഥാപിച്ചതോടെ എട്ടടി ഉയരത്തിൽ ഫ്യൂസ് മാറ്റി സ്ഥാപിക്കുകയായിരുന്നു. കയ്യെത്താ ഉയരത്തിലാകുമ്പോൾ ആരും ഇനി തെരുവ് വിളക്ക് കത്തിക്കില്ലല്ലോ എന്ന ചിന്തയായിരിക്കാം ഇതിനുപിന്നിൽ. ഇതോടെ ഈ പ്രദേശം ഇരുളിൽ മുങ്ങിയിരിക്കുകയാണ്.