തിരുവനന്തപുരം: പാവപ്പെട്ട രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും എല്ലാ മെഡിക്കൽ കോളേജുകളെയും മിനി കാൻസർ സെന്ററുകളാക്കുമെന്നും മന്ത്രി കെ.കെ. ശെെലജ പറഞ്ഞു. മെഡിക്കൽ കോളേജിലെ 10 നൂതന സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ എണ്ണം ശാസ്ത്രീയമായി കുറച്ച് അവർക്ക് തൊട്ടടുത്തുള്ള ആശുപത്രികളിൽ മെച്ചപ്പെട്ട സേവനം ഒരുക്കുമെന്നും മന്ത്റി പറഞ്ഞു. മെഡിക്കൽ കോളേജിന്റെ 717 കോടി രൂപയുടെ മാസ്​റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 58 കോടി രൂപ അനുവദിച്ചു. മാസ്​റ്റർ പ്ലാൻ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം 26ന് മുഖ്യമന്ത്റി നിർവഹിക്കുമെന്നും മികച്ച ട്രോമകെയർ സംവിധാനങ്ങളോടെയുള്ള പുതിയ കാഷ്വാലി​റ്റി ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഇൻഫോസിസ് കേരള ഡെവലപ്‌മെന്റ് സെന്റർ മേധാവി സുനിൽ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എ. റംലബീവി, ജോ.ഡി.എം.ഇ ശ്രീകുമാരി, സ്‌പെഷ്യൽ ഓഫീസർ അജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തോമസ് മാത്യു, വൈസ് പ്രിൻസിപ്പൽ സബൂറ ബീഗം, സൂപ്രണ്ട് എം.എസ്. ഷർമ്മദ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് എ. സന്തോഷ് കുമാർ, മഹാദേവൻ .ആർ, അനിൽകുമാർ .പി, രവികുമാർ കുറുപ്പ്, റോയി .എൻ തുടങ്ങിയവർ പങ്കെടുത്തു.