മുടപുരം: ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ പഴകി ദ്രവിച്ച അവസ്ഥയിൽ നിന്ന ഇലക്ട്രിക് പോസ്റ്റ് കെ.എസ്.ഇ.ബി ജീവനക്കാർ അറ്റകുറ്റപ്പണി നടത്തി തത്കാലത്തേക്ക് അപകടാവസ്ഥ ഒഴിവാക്കി. പോസ്റ്റിന്റെ അപകടാവസ്ഥയെ കുറിച്ച് കഴിഞ്ഞ 10 ന് കേരളകൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജംഗ്‌ഷനിൽ ആർ.വി ആശുപത്രിയുടെയും ഇമാബി ഡർബാർ ഹാളിന്റെയും ഗേറ്റുകൾക്ക് മദ്ധ്യഭാഗത്തായിട്ടാണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പോസ്റ്റിന്റെ മൂന്നു കമ്പികളും തുരുമ്പെടുത്ത് ദ്രവിച്ച് വിള്ളൽ വീണ് ഒടിഞ്ഞുവീഴാവുന്ന അവസ്ഥയായിരുന്നു. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വന്ന വാർത്തയെയും നാട്ടുകാരുടെ പരാതിയെയും തുടർന്നാണ് അധികൃതർ ഇടപെട്ടത്. തൊഴിലാളികൾ വന്ന് തുരുമ്പെടുത്ത ഭാഗത്ത് പുതിയ ഇരുമ്പ് ഭാഗം വെൽഡ് ചെയ്യുകയും പുതിയ സ്റ്റേ കമ്പി ഘടിപ്പിക്കുകയും ചെയ്തു. ഇതോടെ അപകടാവസ്ഥ ഒഴിവായെങ്കിലും അടിഭാഗം തുരുമ്പെടുത്തിരിക്കുന്നതിനാൽ ഈ പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുക തന്നെ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇതുവഴി ദിവസവും സഞ്ചരിക്കുന്നത്.