kappukad

നെടുമങ്ങാട് / കാട്ടാക്കട: കടുത്ത വേനലിൽ തലസ്ഥാന നഗരത്തിലെ കുടിവെള്ളം മുട്ടാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ഇതേക്കുറിച്ച് പരിശോധന നടത്തുന്നതിനായി മന്ത്രി കൃഷ്ണൻകുട്ടി അരുവിക്കര, നെയ്യാർ, കാപ്പുകാട് പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ 10.30ഓടെ കാപ്പുകാട്ടെത്തിയ മന്ത്രി കൃഷ്‌ണൻകുട്ടി സ്ഥലങ്ങൾ സന്ദർശിക്കുകയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. കഴിഞ്ഞ വേനലിൽ കാപ്പുകാട്ട് നിന്ന് പമ്പിംഗ് നടത്തി ജലം കുമ്പിൾമൂട് തോട്ടിലൂടെ അണിയിലക്കടവ് വഴി അരുവിക്കരയിലെത്തിച്ചാണ് അന്ന് പരിഹാരം കണ്ടെത്തിയത്. ഇത്തരത്തിൽ ജലം എത്തിക്കുമ്പോഴും ജലം പാഴായി പോകുന്ന അവസ്ഥയും ഉണ്ടായിരുന്നു. ജല നഷ്ടം ഒഴിവാക്കാനായി കാപ്പുകാട്ട് നിന്ന് അരുവിക്കര വരെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു. തലസ്ഥാന നഗരത്തിൽ വെള്ളമെത്തിക്കാൻ നെയ്യാർഡാം ഞെക്കിപ്പൽ പ്രദേശത്ത് മിനി ജല ശുദ്ധീകരണ ശാല ആരംഭിക്കാനുള്ള സാദ്ധ്യതകളും മന്ത്രി ഉദ്യോഗസ്ഥരോട് ആരാഞ്ഞു. മന്ത്രിക്കൊപ്പം കെ.എസ്. ശബരീനാഥൻ എം.എൽ.എ, വാട്ടർ അതോറിട്ടി എം.ഡി, ചീഫ് എൻജിനിയർ ശ്രീകുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർമാരായ സുധീർ, മധു, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ, വൈസ് പ്രസിഡന്റ് ജിഷാ കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അരുവിക്കരയിലെത്തി ജലസംഭരണിയിലെ പ്രവർത്തനങ്ങൾ മനസിലാക്കിയ മന്ത്രി പുതിയ പദ്ധതികൾ നിർദ്ദേശിച്ചു. ഇവിടെ ആരംഭിക്കുന്ന ജലവകുപ്പിന്റെ ആദ്യത്തെ കുപ്പിവെള്ള യൂണിറ്റും മന്ത്രിയും സംഘവും സന്ദർശിച്ചു. ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയമായ നേട്ടമാണ് കുപ്പിവെള്ള പ്രോജക്ടെന്ന് മന്ത്രി പറഞ്ഞു. 16 കോടി ചെലവിട്ട് രണ്ട് വർഷം കൊണ്ടാണ് തെളിനീര്‍ കുപ്പിവെള്ള പദ്ധതി പൂർത്തിയാക്കിയത്. തലസ്ഥാനത്ത് കുടിവെള്ളമെത്തിക്കുന്നതിനായി 70 കോടി ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന അമൃത് കുടിവെള്ള വിതരണ പദ്ധതിയുടെ പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ടു മനസിലാക്കി. 2020 മാർച്ചിൽ ഈ പദ്ധതികൂടി ഉദ്ഘാടനം ചെയ്യുന്നതോടെ തലസ്ഥാന ജില്ലയിലെ കുടിവെള്ള പ്രശ്‌നം പൂർണമായും പരിഹരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വേനലിൽ ചെലവായ

കണക്കിൽ അവ്യക്തത

കഴിഞ്ഞ വേനൽ സമയത്ത് അരുവിക്കരയിൽ വെള്ളമെത്തിക്കുന്നതിന് നാലരക്കോടിയോളം പ്രതീക്ഷിച്ച ചെലവ് രണ്ടരക്കോടി രൂപയിൽ പൂർത്തീകരിക്കാൻ സാധിച്ചെന്ന് അന്നത്തെ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞിരുന്നു. കാപ്പുകാട്ട് നടന്ന കൂടിക്കാഴ്ചയിൽ ആറരക്കോടി രൂപ ചെലവായെന്നാണ് ഉദ്യോഗസ്ഥർ മന്ത്രിയോട് പറഞ്ഞത്. ഇതേക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി മറുപടി നൽകി.