തിരുവനന്തപുരം: മഴക്കാലത്തിന് മുമ്പ് പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾ പരമാവധി തീർക്കുകയെന്ന ലക്ഷ്യത്തോടെ പൊതുമരാമത്ത് വകുപ്പ് തീവ്രശ്രമം തുടങ്ങി. വിവിധ പദ്ധതികളിലുൾപ്പെടുത്തി 3,133 കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി. പ്രളയാനന്തര ജോലികൾക്ക് അധികമായി അനുവദിച്ച 1400 കോടി രൂപ ഉപയോഗിച്ചുള്ള 174 പദ്ധതികളും ടെൻഡർ ഘട്ടത്തിലാണ്.
പുറമെ കിഫ്ബിയുടെ കൈത്താങ്ങോടെ 10,216 കോടിയുടെ പദ്ധതിയും തയ്യാറായിട്ടുണ്ട്. ഇതിൽ കുറച്ചു പ്രവൃത്തികൾ തുടങ്ങി. ശേഷിക്കുന്നവ ടെൻഡർ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. പ്രളയത്തിൽ തകർന്ന 70 റോഡുകളുടെയും മൂന്ന് പാലങ്ങളുടെയും പുനരുദ്ധാരണത്തിന് 484 കോടി റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്ന് ലഭ്യമാക്കി ഭരണാനുമതി നൽകിയിട്ടുണ്ട്. സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് ലഭിച്ച 801 കോടിയുടെ 56 പ്രവൃത്തികൾക്കും ടെൻഡറായി.
7956 കിലോമീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് നേരത്തേ ഭരണാനുമതി നൽകിയിരുന്നു. ഇതിൽ 4429 കിലോമീറ്ററിലും അറ്റകുറ്റ പ്പണികൾ പൂർത്തിയായി. 2316 കിലോമീറ്ററിൽ ഉപരിതലം പുതുക്കാൻ ഭരണാനുമതി നൽകിയതിൽ 1219 കിലോമീറ്ററും പൂർത്തിയായി.
കിഫ്ബിയിൽ നിന്ന് അനുവദിച്ച പദ്ധതികൾ
140 റോഡുകൾ............5904.18 കോടി
56 പാലങ്ങൾ...............................1360.46
മലയോര ഹൈവേ................1506.12
തീരഹൈവേ ...........................52.78
റെയിൽവേ ഓവർബ്രിഡ്ജ് .....730.26 ''
ഫ്ളൈ ഓവർ (9)...................635.51 ''
അണ്ടർപാസ് (ഒന്ന്) .................27.59 ''
പൊതുമരാമത്ത് വകുപ്പിൽ നാളിതുവരെയില്ലാത്ത വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. അസംസ്കൃത വസ്തുക്കളുടെയും നിർമ്മാണ വസ്തുക്കളുടെയും ക്ഷാമമുണ്ട്. എങ്കിലും മഴക്കാലത്തിന് മുമ്പ് എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
-മന്ത്രി ജി. സുധാകരൻ