 വടക്കൻ ജാഥ ശനിയാഴ്ച കാസർകോട്ടു നിന്ന്

തിരുവനന്തപുരം: ദേശീയ രാഷ്ട്രീയവും സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളും പ്രചാരണവിഷയമാക്കി ലോക്‌സഭാ പോരാട്ടത്തിനൊരുങ്ങുന്ന ഇടതുമുന്നണിയുടെ കേരള സംരക്ഷണ യാത്രയ്‌ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കം. തിരുവനന്തപുരത്തു നിന്ന് തൃശിലേക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നയിക്കുന്ന യാത്രയാണ് ഇന്ന് പുറപ്പെടുക. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ക്യാപ്റ്റനായ വടക്കൻ മേഖലാ ജാഥ ശനിയാഴ്ച കാസർകോട്ടു നിന്ന് തൃശൂരിലേക്കു പുറപ്പെടും.

ബി.ജെ.പിയെ പുറത്താക്കൂ,​ രാജ്യത്തെ രക്ഷിക്കൂ,​ വികസനം സമാധാനം സാമൂഹ്യപുരോഗതി,​ ജനപക്ഷം ഇടതുപക്ഷം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് കേരള സംരക്ഷണ യാത്ര.ശബരിമല വിവാദം അപ്രസക്തമാക്കുന്ന വിധത്തിൽ പൊതു രാഷ്ട്രീയപ്രശ്നങ്ങൾ സജീവ ചർച്ചാവിഷയമാക്കുക എന്ന പ്രചാരണ തന്ത്രത്തിനാണ് ഇടതു മുന്നണിയുടെ നീക്കം. മേഖലാജാഥകൾ ഇതിന് നാന്ദി കുറിക്കലാകും.

മാർച്ച് രണ്ടിന് തൃശൂരിൽ രണ്ടു മേഖലാ ജാഥകളുടെയും സമാപനദിനത്തിലെ റാലിയോടെ സംസ്ഥാനത്ത് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഔപചാരിക തുടക്കമാകും. അടുത്തിടെ തിരുവനന്തപുരം,​ വയനാട് ജില്ലകളിലെ ചില തദ്ദേശഭരണ സ്ഥാപനങ്ങളിലുണ്ടായ ഭരണ അട്ടിമറികൾ കോൺഗ്രസ്- ബി.ജെ.പി അവിശുദ്ധ സഖ്യത്തിന് ഉദാഹരണമായി വ്യാഖ്യാനിച്ച് പ്രചാരണം ശക്തമാക്കാനും സി.പി.എം നേതൃത്വം ശ്രമിക്കുന്നു. കർണാടകയിലെ റിസോർട്ട് രാഷ്ട്രീയവും ഇതിനോട് ചേർത്തുവായിച്ച് കോൺഗ്രസിന്റെ ബി.ജെ.പി വിരുദ്ധ നിലപാടിലെ വിശ്വാസ്യത പരസ്യമായി ചോദ്യം ചെയ്യുകയാണ് തന്ത്രം. ഇതുവഴി സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ ശരിയായ മുഖം ഇടതുപക്ഷമാണെന്ന് തെളിയിക്കാനും പാർട്ടി ലക്ഷ്യമിടുന്നു.

ശബരിമല യുവതീപ്രവേശന വിധി സൃഷ്ടിച്ച രാഷ്ട്രീയ വിവാദത്തിൽ നവോത്ഥാന മൂല്യസംരക്ഷണ മുദ്രാവാക്യമുയർത്തി നടത്തിയ നീക്കങ്ങൾ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ഇടതുകേന്ദ്രങ്ങളിൽ. . മുസ്ലിം,​ ക്രൈസ്തവ പ്രമുഖരെ ഉൾപ്പെടുത്തി നവോത്ഥാന മൂല്യസംരക്ഷണ സമിതി വിപുലീകരിച്ചത് ഗുണകരമാകുമെന്നും മുന്നണി നേതൃത്വം കണക്കുകൂട്ടുന്നു.