തിരുവനന്തപുരം: നിയമവിരുദ്ധമായി സബ് കളക്ടർ സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിച്ച് പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. വർക്കലയ്ക്കടുത്ത് അയിരൂരിൽ ദേശീയപാതയിൽ വില്ലിക്കടവ് പാരിപ്പിള്ളി ഭാഗത്താണ് വിവാദഭൂമിയിൽ അയിരൂർ പൊലീസ് സ്റ്റേഷൻ കെട്ടിടം വരുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഈ ആഴ്ച പുറത്തിറങ്ങും.

ദേശീയ പാതയോട് ചേർന്നുള്ള 27 സെന്റ് ഭൂമി അയിരൂർ പുന്നവിള വീട്ടിൽ എം. ലിജിയാണ് വർഷങ്ങളായി കൈവശം വച്ചുകൊണ്ടിരുന്നത്. ഇതിന് രണ്ടുകോടിയോളം രൂപ മതിപ്പ് വിലവരും. വർക്കല തഹസിൽദാർ ഇത് പുറമ്പോക്കാണെന്ന് കണ്ടെത്തി 2017 ൽ അളന്ന് തിരിച്ച് ഏറ്റെടുത്തു. ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. ആർ.ഡി.ഒ കൂടിയായ സബ് കളക്ടറോട് പരാതി പഠിച്ച് നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ

റവന്യു അധികൃതരെ എല്ലാം ഒഴിവാക്കി സബ് കളക്ടർ ദിവ്യ എസ്. അയ്യർ ഭൂമി സ്വകാര്യവ്യക്തിക്ക് നൽകാൻ ഉത്തരവിട്ടു.

തുടർന്ന് ഉത്തരവിൽ കൃത്രിമം നടന്നെന്നും ദിവ്യ എസ്. അയ്യരുടെ ഭർത്താവും കോൺഗ്രസ് എം.എൽ.എയുമായ ശബരീനാഥന്റെ സൗഹൃദത്തിലുള്ള കുടുംബമാണ് ലിജിയുടേതെന്നും ആരോപിച്ച് സ്ഥലം എം.എൽ.എ വി. ജോയി റവന്യൂ മന്ത്രിക്ക് പരാതി നൽകി. മന്ത്രിയുടെ നിർദ്ദേശപ്രകാരം കളക്ടർ നടത്തിയ അന്വേഷണത്തിൽ സബ് കളക്ടറുടെ നടപടിയിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തി. തുടർന്ന് സബ് കളക്ടറെ മാറ്റുകയും ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ ഇതിനെതിരെ ലിജി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് റവന്യു സെക്രട്ടറി അന്വേഷണം നടത്തണമെന്ന അനുകൂല വിധി നേടി. ഇതനുസരിച്ച് റവന്യു സെക്രട്ടറി തെളിവെടുപ്പ് നടത്തിയെങ്കിലും ഭൂമി സർക്കാരിന്റേത് തന്നെയാണെന്ന് അന്തിമ റിപ്പോർട്ടും നൽകി. ഇതോടെയാണ് പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് സർക്കാർ ആവശ്യത്തിന് വിനിയോഗിക്കാൻ തീരുമാനമായത്.