വെമ്പായം: എം.സി റോഡിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ വെമ്പായത്ത് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനുള്ള മാണിക്കൽ പഞ്ചായത്തിന്റെ നടപടികൾ വൈകുന്നതായി പരാതി. വ്യാപാര സ്ഥാപനങ്ങൾ നടപ്പാത കയ്യേറി കച്ചവടസാധനങ്ങൾ വിൽക്കുന്നതിനുള്ള ഇടമായി ഉപയോഗിക്കാൻ തുടങ്ങിയിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. മാണിക്കൽ പഞ്ചായത്തിന്റെ കണക്കനുസരിച്ചു വെമ്പായം ജംഗ്ഷൻ മുതൽ എം.സി റോഡിനോട് ചേർന്ന കിടങ്ങയം വരെ ഏകദേശം ചെറുതും വലുതുമായ 60 ഒാളം കടകൾ അനധികൃതമായി കൈയ്യേറിയതാണ്. കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറി ആറു മാസം മുൻപ് കുറച്ചു വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും തുടർനടപടികൾ കൈക്കൊള്ളാൻ പഞ്ചായത്തിനു കഴിഞ്ഞില്ല. ജംഗ്ഷനിലെ കയ്യേറ്റം ഒഴിപ്പിച്ചാൽ ഗതാഗതകുരുക്കിനും വാഹനപാർക്കിംഗിനും ഒരുപരിധി വരെ പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. റോഡ് കയ്യേറി കച്ചവടം നടക്കുന്നതിനാൽ വെമ്പായത്തു നിന്നും കന്യാകുളങ്ങര ബോയ്‌സ് സ്‌കൂളിലേക്കും ഗേൾസ് സ്‌കൂളിലേക്കും പോകുന്ന കുട്ടികളും മറ്റു കാൽനടയാത്രക്കാരും റോഡിലേക്ക് ഇറങ്ങിയാണ് നടക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുകയാണ്. എന്നിട്ടും അനധികൃതമായി ഉപയോഗിക്കുന്ന സ്ഥലം തിരിച്ചെടുക്കാൻ പഞ്ചായത്ത് നടപടികളൊന്നും സ്വീകരിക്കുന്നില്ല. വെമ്പായം ജംഗ്ഷനിൽകൂടി ഒഴുകുന്ന തോടിന്റെ അവസ്ഥയും ദയനീയമാണ്. തോടിന്റെ ഇരുഭാഗങ്ങളും സമീപവാസികൾ കൈയ്യേറി കെട്ടിടങ്ങളും കടകളും നിർമ്മിച്ചതും പഞ്ചായത്ത് അധികൃതർ ശ്രദ്ധിക്കുന്നില്ല. പലപ്പോഴും സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റോഡിനു സമീപത്തെ ചെറിയ കടകൾ മാത്രം ഒഴിപ്പിക്കുകയാണ് പതിവ്. വലിയ വ്യാപാരസ്ഥാപനങ്ങളുടെ കൈയ്യേറ്റം കണ്ടില്ലെന്നു നടിക്കുകയാണ്. അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് കാൽനടയാത്രക്കാർക്ക് സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാവണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.