തിരുവനന്തപുരം: ഇടതു- വലതു മുന്നണികളെ ഒരുമുഴം പിന്നിലാക്കി, പ്രാഥമിക സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയുമായി ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ ഇന്നലെ ദേശീയ നേതൃത്വത്തിനു സമർപ്പിച്ച പട്ടികയനുസരിച്ച് പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ലോക്‌സഭാ മത്സരരംഗത്തുണ്ടാകും. എന്നാൽ, ദേശീയ നേതൃത്വം നടത്തുന്ന സർവേ കൂടി അടിസ്ഥാനമാക്കിയാവും അന്തിമ പട്ടികയെന്നാണ് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ വിശദീകരണം.
സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ തന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ശ്രീധരൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു. അതേസമയം, ശ്രീധരൻപിള്ള സമർപ്പിച്ച സാദ്ധ്യതാ പട്ടികയെക്കുറിച്ച് അറിയില്ലെന്നും, പാർട്ടിയിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ഒരു തലത്തിലുമുള്ള ചർച്ചകൾ നടന്നിട്ടില്ലെന്നും മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം പറയുന്നു. പിള്ളയുടേത് ഏകപക്ഷീയ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം. പാർട്ടിക്കുള്ളിൽ ഇത് വരുംദിവസങ്ങളിൽ പൊട്ടലും ചീറ്റലുമുണ്ടാക്കുമെന്ന് തീർച്ച.
ഇതിനിടെ പട്ടികയിൽ ഇല്ലാത്ത ശ്രീധരൻപിള്ളയുടേത് ഉൾപ്പെടെ പല പേരുകളും വിവിധ മണ്ഡലങ്ങളിലെ സാദ്ധ്യതാ പാനലുകളിൽ പ്രചരിക്കുന്നുമുണ്ട്.
പ്രതീക്ഷാ മണ്ഡലങ്ങളിൽ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളെ ഒന്നാം നിരയിലും കാസർകോട്, കോഴിക്കോട്, ആറ്റിങ്ങൽ, ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളെ രണ്ടാം നിരയിലും ഉൾപ്പെടുത്തിയാവും പ്രചാരണം. തിരുവനന്തപുരത്ത് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, നടനും എം.പിയുമായ സുരേഷ് ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവർക്കൊപ്പമാണ് ശ്രീധരൻപിള്ളയുടെ പേരും പ്രചരിക്കുന്നത്. കുമ്മനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.
പത്തനംതിട്ടയിൽ എം.ടി. രമേശിനൊപ്പം കെ. സുരേന്ദ്രൻ, പന്തളം രാജകുടുംബാംഗം പി.ജി. ശശികുമാര വർമ്മ, തന്ത്രി കുടുംബാംഗം മഹേഷ് മോഹനര്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരുടെയും പേരുകളുണ്ട്. ഇതിൽ, സി.പി.എം അനുഭാവിയായിരുന്ന ശശികുമാരവർമ്മ സ്ഥാനാർത്ഥിത്വ സാദ്ധ്യത നിഷേധിക്കുന്നു.
തൃശൂരിൽ ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ പേര് പ്രചരിക്കുമ്പോൾ ആറ്റിങ്ങലിലും പാലക്കാട്ടും മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്റെ പേരുണ്ട്. പാലക്കാട്ട് ശോഭയ്ക്കൊപ്പം കേൾക്കുന്ന മറ്റു പ്രധാന പേരുകൾ സി. കൃഷ്ണകുമാറിന്റേതും വി.ടി. രമയുടേതുമാണ്.