തിരുവനന്തപുരം: ഉൗർജ്ജ സുരക്ഷാമിഷൻ പദ്ധതിയിലെ ക്രമക്കേടിനെക്കുറിച്ചുള്ള ആശയക്കുഴപ്പം വൈദ്യുതി മന്ത്രിയെ കുഴപ്പത്തിലാക്കി. വൈദ്യുതി വകുപ്പിലെ ഉൗർജ്ജ സുരക്ഷാമിഷനെതിരെ വിജിലൻസ് അന്വേഷണമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് മന്ത്രി എം.എം. മണി നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ, അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിജിലൻസ് തിരുവനന്തപുരം ഇൻസ്പെക്ടർ കെ.എസ്. അരുൺകുമാർ വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. വൈദ്യുതിവകുപ്പിന് കീഴിലുള്ള അനർട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
ജനുവരി 29ന് എം. വിൻസെന്റ് ഉന്നയിച്ച ചോദ്യത്തിന് ഫെബ്രുവരി 12നായിരുന്നു മന്ത്രിയുടെ മറുപടി. വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത് ജനുവരി 19നാണ്. ഇതുസംബന്ധിച്ച് മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകാനുള്ള ഒരുക്കത്തിലാണ് വിൻസെന്റ് എം.എൽ.എ.
അനർട്ടിന്റെ ഉൗർജ്ജ സുരക്ഷാപദ്ധതിയിൽ 14.53 കോടിയുടെ ക്രമക്കേടുണ്ടെന്ന് 2016ലാണ് ലോക്കൽഫണ്ട് ആഡിറ്റ് പരിശോധനയിൽ കണ്ടെത്തിയത്. 2017 മേയ് 24ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. 416 പഞ്ചായത്തുകളിലും 20 മുനിസിപ്പാലിറ്റികളിലും നാല് കോർപറേഷനുകളിലുമായാണ് പദ്ധതി നടപ്പിലാക്കിയത്. വിജിലൻസ് ഇവിടെയെല്ലാം പരിശോധന നടത്തിവരികയാണ്. ഇത്രയേറെ സ്ഥലങ്ങളിൽ പരിശോധന നടത്തേണ്ടതുള്ളതിനാൽ പൂർത്തിയാകാൻ കാലതാമസമുണ്ടാകുമെന്ന് കഴിഞ്ഞവർഷം ജനുവരിയിൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.എന്നിട്ടും അന്വേഷണം തന്നെയില്ലെന്ന് മന്ത്രി സഭയിൽ മറുപടി നൽകിയതെങ്ങനെ? ആശയക്കുഴപ്പം അവിടെയും തീരുന്നില്ല. ലോക്കൽഫണ്ട് റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയതും എം. വിൻസെന്റാണ്.
ഇതെന്തു മറിമായം?
താൻ നൽകിയ പരാതിയിലുള്ള അന്വേഷണം ഇപ്പോൾ നടക്കുന്നില്ലെന്ന മന്ത്രിയുടെ മറുപടിയിൽ അമ്പരന്നിരിക്കുകയാണ് വിൻസെന്റ്. ലോക്കൽ ഫണ്ട് ആഡിറ്റ് റിപ്പോർട്ടിന്മേൽ പദ്ധതി ഡയറക്ടറായിരുന്ന ഹരികുമാറിനോട് സർക്കാർ വിശദീകരണമാവശ്യപ്പെട്ടിരുന്നു. ഇത് പഠിക്കാൻ കെ.എസ്.ഇ.ബിയിലെ ചീഫ് ഇന്റേണൽ ആഡിറ്റർ ചെയർമാനും ഫിനാൻസ് അഡ്വൈസർ, വൈദ്യുതിവകുപ്പ് അണ്ടർസെക്രട്ടറി എന്നിവരെ അംഗങ്ങളുമാക്കി സർക്കാർ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.