മുംബയ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലേക്ക് കേരള താരങ്ങളായ വത്സൽ ഗോവിന്ദിനെയും വരുൺ നായനാരെയും തിരഞ്ഞെടുത്തു. ഈ മാസം 20നാണ് ആദ്യ ചതുർദിന മത്സരം. രണ്ടാം ചതുർദിനം 26 മുതൽ നടക്കും. രാജസ്ഥാനിൽ നിന്നുള്ള സുരാജ് അവറുജയാണ് ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ക്യാപ്ടനും വിക്കറ്റ് കീപ്പറും.
വിവിധ ഏജ് കാറ്റഗറി ടൂർണമെന്റുകളിൽ കേരളത്തിനായി മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതിനാലാണ് വത്സലിനെയും വരുണിനെയും തേടി ദേശീയ കുപ്പായത്തിലേക്കുള്ള സെലക്ഷൻ എത്തിയിരിക്കുന്നത്.
തൃശൂരിൽ കുടുംബ വേരുകളുള്ള വത്സൽ ഗോവിന്ദ് ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. ഡൽഹിക്കുവേണ്ടി അണ്ടർ -16 ടീമിൽ കളിച്ചിട്ടുണ്ട്. മുൻ രഞ്ജിതാരം ശ്രീകുമാർ നായരുടെ കൈപിടിച്ചാണ് വത്സൽ കേരളത്തിലേക്ക് എത്തിയത്.
19 തികയാൻ മൂന്ന് വർഷം കൂടിയുള്ള വരുൺ നായനാർ ഇന്ത്യൻ അണ്ടർ 19 ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളി താരമെന്ന റെക്കാഡ് സ്വന്തമാക്കിയാണ് ചതുർദിന മത്സരത്തിനുള്ള ടീമിലെത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കുടുംബ ബന്ധുകൂടിയാണ് കണ്ണൂരുകാരനായ വത്സൽ. മുൻ കേരള രഞ്ജി ക്യാപ്ടൻ സോണി ചെറുവത്തൂരാണ് വരുണിന്റെ പ്രചോദകനും പരിശീലകനും.
ടൂർണമെന്റ് തിരുവനന്തപുരത്ത്
ഇന്ത്യ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ അണ്ടർ 19 ടീമുകൾ പങ്കെടുക്കുന്ന ഏകദിന ടൂർണമെന്റിന് തിരുവനന്തപുരം വേദിയാകും. ഇന്ത്യ അണ്ടർ 19 എ, ഇന്ത്യ അണ്ടർ 19 ബി ടീമുകൾ ടൂർണമെന്റിൽ മത്സരിക്കും. മാർച്ച് അഞ്ച് മുതൽ 11 വരെ കാര്യവട്ടം സ്പോർട്സ് ഹബ്ബിലും തുമ്പ സെന്റ് സേവ്യേഴ്സിലുമാണ് മത്സരങ്ങൾ.
ഇന്ത്യൻ അണ്ടർ 19
ടീമിൽ കളിച്ച മലയാളികൾ
എം. സുരേഷ് കുമാർ, ശ്രീകുമാർ നായർ, രേഹൻ പ്രേം, റെയ്നി വിൻസന്റ് ഗോമസ്, സഞ്ജു സാംസൺ, സിജോമോൻ ജോസഫ്, രോഹൻ എസ്. കുന്നുമ്മൽ, ഡാരിൽ ഫെറാറിയോ.