തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്കു മുന്നിൽ കണ്ണും മനസും നിറഞ്ഞ് പ്രാർത്ഥിച്ച് പൊങ്കാലയടുപ്പിൽ പുണ്യം നിറഞ്ഞുതൂകാൻ ഇനി ഒരാഴ്ചയുടെ മാത്രം അകലം. ആറ്റുകാൽ ദേവിയെ ചൊവ്വാഴ്ച രാത്രി കാപ്പുകെട്ടി കുടിയിരുത്തിയതോടെ നാടും നഗരവും പൊങ്കാല ഉത്സവത്തിന്റെ നിറവിലായി. ഉത്സവനാളുകളിൽ അമ്മയ കണ്ടു തൊഴാനെത്തുന്ന ഭക്തരെക്കൊണ്ട് കാപ്പുകെട്ടിനു ശേഷമുള്ള ആദ്യ ഉത്സവ ദിനമായ ഇന്നലെ ക്ഷേത്രപരിസരം നിറഞ്ഞു. എങ്ങും ദേവീമന്ത്രങ്ങളാൽ മുഖരിതം. രാവിലെ മുതൽ അമ്മയെ തൊഴാനെത്തിയ ഭക്തരും ഉത്സവപ്പറമ്പിലെ കച്ചവടക്കാരും ഉത്സവപ്രേമികളും ചേർന്ന് സജീവമായിരുന്നു ആറ്റുകാൽ ക്ഷേത്രപരിസരം. ഭക്തരുടെ തിരക്ക് പുലർച്ചെ നിർമ്മാല്യം മുതൽ തുടങ്ങിയതോടെ ക്ഷേത്രത്തിനകത്ത് കടക്കാൻ മണിക്കൂറുകളാണ് ഭക്തർക്ക് വരിയിൽ നിൽക്കേണ്ടിവന്നത്. കാത്തിരിപ്പിനുശേഷം ദേവീദർശന പുണ്യം സാദ്ധ്യമായ സായൂജ്യത്തിൽ പുറത്തിറങ്ങുന്ന ഭക്തരുടെ മുഖത്ത് തികഞ്ഞ പ്രസാദഭാവം, കൺനിറയെ സന്തോഷം, ഉള്ളുനിറയെ ഭക്തിപാരവശ്യം. ഇന്നലെ ഉച്ചയ്ക്ക് ദീപാരാധന തൊഴാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്. താത്കാലികമായി കെട്ടിയ ബാരിക്കേഡും കടന്ന് ഭക്തരുടെ നിര നീണ്ടു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. വൈകിട്ടത്തെയും രാത്രിയിലെയും ദീപാരാധനകൾക്കും ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രത്തിനു മുന്നിൽ നാരങ്ങാ വിളക്ക് തെളിക്കാനും പ്രസാദ ഊട്ടിനും ഭക്തരുടെ വൻനിരയുണ്ട്. ഭക്തർക്ക് ഏത് ആവശ്യത്തിനും സഹായത്തിനായി പൊലീസ്, കളക്ടർ, ഭക്ഷ്യസുരക്ഷാ കൺട്രോൾ റൂമുകൾ, നഗരസഭ സേവന കേന്ദ്രം എന്നിവ പ്രവർത്തിച്ചുതുടങ്ങി. ദർശനത്തിനെത്തുന്ന സ്ത്രീകൾക്ക് സഹായവുമായി വനിതാ പൊലീസ് ഗാർഡുമാരുമുണ്ട്.

തോറ്റംപാട്ടും കലാപരിപാടികളും

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിനൊപ്പം ആരംഭിച്ച തോറ്റംപാട്ടിൽ ഇന്നലെ ദേവിയുടെ കല്യാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് പാടിയത്. ഇന്ന് കോവലനെ ദേവി വിവാഹം ചെയ്യുന്ന ഭാഗമാണ് പാടുക. മാലപ്പുറം പാട്ടെന്നാണ് ഈ ഭാഗത്തെ വിശേഷിപ്പിക്കുന്നത്. ക്ഷേത്രനടയ്ക്ക് മുന്നിൽ ഓലകൊണ്ട് മേഞ്ഞുണ്ടാക്കിയ കുടിലിലാണ് തോറ്റംപാട്ട്. കൊഞ്ചിറവിള സ്വദേശിയായ മധു ആശാനാണ് പാട്ടിന് നേതൃത്വം നൽകുന്നത്. മൂന്നു വേദികളിലായി നടക്കുന്ന ഉത്സവ കലാപരിപാടികളിൽ 'അംബ'യിലെ 'ഉത്രാടപ്പൂനിലാവ്' ഗാനമേളയും പാട്ടിണക്കം ഗ്രൂപ്പിന്റെ നാടൻപാട്ടുകളും നാടൻ കലകളുടെ അവതരണവുമായിരുന്നു കാണികളെ ഏറെ ആകർഷിച്ചത്. മറ്റു വേദികളിലെ ശാസ്ത്രീയനൃത്താവതരണങ്ങൾ കാണാനും ഏറെപ്പേരെത്തി. പിന്നണി ഗായകരായ വിധുപ്രതാപും രാജലക്ഷ്മിയും നയിക്കുന്ന ഗാനമേളയാണ് ഇന്നത്തെ പ്രധാന ആകർഷണം.

കുത്തിയോട്ട വ്രതാരംഭം ഇന്ന്

പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ട വ്രതം ഇന്ന് രാവിലെ 8.45ന് ആരംഭിക്കും. പൊങ്കാല കഴിഞ്ഞാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനായി 815 ബാലന്മാരാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏഴാം ദിവസം വ്രതക്കാരെ കിരീടംവച്ച് അണിയിച്ചൊരുക്കി ദേവിയുടെ മുന്നിൽവച്ച് ചൂരൽ കുത്തും. പിന്നീട് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിച്ചശേഷം തിരികെവന്ന് ചൂരൽ ഇളക്കുന്നതോടെ വ്രതം അവസാനിക്കും.