uefa-champions-league
UEFA CHAMPIONS LEAGUE

ലണ്ടൻ : പരിക്ക് കാരണം സൂപ്പർ താരങ്ങളായ നെയ്‌മറും എഡിൻസൺ കവനിയും കളിച്ചില്ലെങ്കിലെന്താ, പുതിയ കോച്ചിന് കീഴിൽ തോൽവിയറിയാതെ തുടർന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ചെന്ന് അട്ടിമറിച്ചിരിക്കുകയാണ് പാരീസ് സെന്റ് ജെർമെയ്ൻ. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ പ്രീക്വാർട്ടറിൽ പി.എസ്.ജിക്ക് എതിരില്ലാത്ത രണ്ട് ഗോളുകളുടെ അമ്പരപ്പിക്കുന്ന വിജയം നൽകിയത്. കഴിഞ്ഞ ലോകകപ്പിലെ യംഗ് സെൻസേഷൻ കൈലിയാൻ എംബാപ്പെയും പ്രെസ്നൽ കിംപെംബെയും ചേർന്നാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോൾഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 53-ാം മിനിട്ടിൽ കിംപെംബെയിലൂടെയാണ് പി.എസ്.ജി. ആദ്യം മുന്നിലെത്തിയത്. 60-ാം മിനിട്ടിലായിരുന്നു എംബാപ്പെയുടെ ഗോൾ. മാഞ്ചസ്റ്ററിന്റെ തുറുപ്പുചീട്ടാകുമെന്ന് കരുതിയ ഫ്രഞ്ച് ടീമിലെ എംബാപ്പെയുടെയും കിംപെംബെയുടെയും കളിക്കൂട്ടുകാരൻ പോൾ പോഗ്ബ അവസാന മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയത് ഇംഗ്ളീഷ് ക്ളബിന് മറ്റൊരു തിരിച്ചടിയായി.

സൂത്രധാരൻ ഡിമരിയ

ഇന്നലെ ഗോളുകൾ നേടിയത് കിംപെബെയും എംബാപ്പെയുമായിരുന്നെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചത് മുൻ മാഞ്ചസ്റ്റർ ഏൻജൽ ഡിമരിയയാണ്. പി.എസ്.ജിയുടെ രണ്ട് ഗോളുകളും ഡിമരിയയുടെ പാസിൽ നിന്നായിരുന്നു.

ഗോൾ 1

ഒരു കോർണർ കിക്കിൽ നിന്നായിരുന്നു 53-ാം മിനിട്ടിൽ കിംപെംബെയുടെ ഗോളിന്റെ വരവ്. ഏൻജൽ ഡി മരിയ ബാക്ക് പോസ്റ്റിലേക്ക് തൊടുത്ത നെമാഞ്ച മാറ്റിച്ചിനെ മറികടന്ന് കിംപെബെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

53-ാം മിനിട്ട് കിംപെംബെ

ഗോൾ 2

60-ാം മിനിട്ട് എംബാപ്പെ

ഇടതു ഫ്ളാങ്കിലൂടെ ഡിമരിയ കൊണ്ടുവന്ന പന്ത് തടുക്കാൻ മാഞ്ചസ്റ്റർ പ്രതിരോധത്തിന് കഴിഞ്ഞില്ല. ഇടതുവിംഗിൽ നിന്ന് ഡിമരിയയുടെ ലോക്രോസ് ബോക്സിനുള്ളിലേക്ക് പാഞ്ഞെത്തിയപ്പോൾ കുതിച്ചോടിയ എംബാപ്പെ ആറ് വാര അകലെ നിന്ന് ഗോളി ഡേവിഡ് ഡിഗിയയെ നിഷ്പ്രഭനാക്കി വലതുളച്ചു.

മാർച്ച് 6

പാരീസ് എസ്.ജിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള രണ്ടാം പാദ പ്രീക്വാർട്ടർ ഫൈനൽ മാർച്ച് ആറിന് പാരീസിൽ നടക്കും. ഈ മത്സരത്തിൽ തോൽക്കാതിരുന്നാൽ പി.എസ്.ജിക്ക് അവസാന എട്ടിലെത്താം. കഴിഞ്ഞ രണ്ട് സീസണുകളിലും പി.എസ്.ജി പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. ബാഴ്സലോണയും റയലുമാണ് പി.എസ്.ജിയുടെ വഴിമുടക്കിയത്.

രണ്ടാം മഞ്ഞ

26-ാം മിനിട്ടിൽ മാർക്കോ വെറാറ്റിയെ ഫൗൾ ചെയ്തതിനാണ് പോഗ്ബ ആദ്യം മഞ്ഞക്കാർഡ് കണ്ടത്. അവസാന മിനിട്ടിൽ ഡാനി ആൽവ്സിന്റെ കാലിൽ ചവിട്ടിയതിനായിരുന്നു രണ്ടാം പാദ പ്രീക്വാർട്ടറിൽ പോഗ്ബയ്ക്ക് കളിക്കാനാവില്ല.

സോൾഷ്യർ ആദ്യമായി തോറ്റു

കഴിഞ്ഞ ഡിസംബറിലാണ് ഹെസെ മൗറീന്യോയെ മാറ്റി മുൻ മാഞ്ചസ്റ്റർ താരം കൂടിയായ ഒലേ ഗുണാർ സോൾഷ്യറെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖ്യ പരിശീലകനാക്കുന്നത്. അതിനുശേഷം ക്ളബ് ആദ്യമായി തോൽക്കുന്നത് ഇപ്പോഴാണ്. സോൾഷ്യറുടെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 12-ാം മത്സരമായിരുന്നു ഇന്നലത്തേത്. ഇതിൽ 10 വിജയങ്ങൾ നേടിയ സോൾഷ്യർ ഒരു സമനിലയും സ്വന്തമാക്കിയിരുന്നു.

റോമയ്ക്ക് വിജയം

റോം : യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മറ്റൊരു ആദ്യപാദ പ്രീക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് എ.എസ്. റോമ 2-1ന് പോർച്ചുഗീസ് ക്ളബ് എഫ്.സി. പോർട്ടോയെ കീഴടക്കി. 70, 76 മിനിട്ടുകളിലായി സാന്യോളോയാണ് റോമയുടെ രണ്ട് ഗോളുകളും നേടിയത്. 79-ാം മിനിട്ടിൽ അഡ്രയാൻ പോർട്ടോയുടെ ആശ്വാസഗോൾ നേടി.

ചെൽസി ഇന്ന് മാൽമോയ്ക്കെതിരെ

പാരീസ് : യൂറോപ്പിലെ രണ്ടാം ഡിവിഷൻ ലീഗായ യൂറോപ്പ ലീഗിന്റെ രണ്ടാം റൗണ്ടിലെ ആദ്യപാദ മത്സരത്തിൽ ഇംഗ്ളീഷ് ക്ളബ് ചെൽസി ഇന്ന് ഫ്രഞ്ച് ക്ളബ് മാൽമോയെ നേരിടും. മറ്റ് മത്സരങ്ങളിൽ വലൻസിയ കെൽറ്റിക്കിനെയും ഷാക്തർ എൻട്രാക്റ്റിനെയും സ്പോർട്ടിംഗ് വിയ്യറയലിനെയും നേരിടും.