police

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിനഞ്ച് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി ആഭ്യന്തര വകുപ്പ് ഇന്നലെ ഉത്തരവിറക്കി. ബി. അശോകനാണ് പുതിയ തിരുവനന്തപുരം റൂറൽ എസ്.പി. ഇലക്‌ഷൻ കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് സ്ഥലം മാറ്റമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

സ്പെഷ്യൽബ്രാഞ്ച് ഡി.ഐ.ജി എ അക്ബറിനെ ഇന്റലിജൻസിലേക്ക് മാറ്റി. പാലക്കാട് എസ് .പി ദേബേഷ് കുമാർ ബെഹ്‌റയെ പാലക്കാട് കെ.എ.പി ബറ്റാലിയൻ കമാൻഡന്റാക്കി . കാസർഗോഡ് എസ് .പി ശ്രീനിവാസനെ കണ്ണൂർ ക്രൈംബ്രാഞ്ചിലേക്കും കെ.എ.പി 3 ബറ്റാലിയൻ കമാൻഡന്റ് കെ.ജി.സൈമണെ കൊല്ലം റൂറൽ എസ് .പി.ആയും കൊല്ലം റൂറൽ എസ് .പി അശോകിനെ തിരുവനന്തപുരം റൂറൽ എസ് .പി ആയും നിയമിച്ചു.

തിരുവനന്തപുരം റൂറൽ എസ് .പി എ.അശോക് കുമാറിനെ പൊലീസ് ഹെഡ് ക്വാർട്ടറിലെ പരാതി പരിഹാര സെല്ലിലും ജെ.സുകുമാര പിള്ളയെ സ്പെഷ്യൽബ്രാഞ്ച് എസ് . പി ആയും നിയമിച്ചു. തൃശൂർ ജില്ലാ പൊലീസ് മേധാവി എം.കെ പുഷ്ക്കരനെ സ്‌പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ് .പി ആയും കെ.പി.വിജയകുമാരനെ തൃശൂർ ജില്ലാ പൊലീസ് മേധാവിയായും മാറ്റി.

കോഴിക്കോട് റൂറൽ എസ് .പി ജി.ജയ്‌ദേവിനെ പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് ടി. നാരായണനെ തിരുവനന്തപുരം ഹെഡ്ക്വാർട്ടറിലേക്കും മാറ്റി. എം.എസ് .പി കമാൻഡന്റ് യു.അബ്ദുൽ കരീമിനെ കോഴിക്കോട് റൂറൽ മേധാവിയായും നിയമിച്ചു. കെ.എ.പി അഞ്ച് മേധാവി കാർത്തികേയൻ ഗോകുലചന്ദ്രനെ അടൂരിലെ മൂന്നാം ബറ്റാലിയനിലേക്ക് മാറ്റി. തിരുവനന്തപുരം ക്രൈംബ്രാഞ്ചിലെ പി.എസ് സാബുവിനെ പാലക്കാട് മേധാവിയായും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ജെയിംസ് ജോസഫിനെ കാസർഗോഡ് മേധാവിയായും ആന്റി ടെററിസ്റ്റ് വിംഗിലെ എ.കെ.ജമാലുദ്ദീനെ കോഴിക്കോട് സിറ്റി കമ്മിഷണറായും നിയമിച്ചു.145എസ്. ഐമാർക്കും ഇതോടൊപ്പം സ്ഥലം മാറ്റമുണ്ട്.