തിരുവനന്തപുരം: വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയും വെട്ടിപ്പരിക്കേൽപ്പിച്ചും കവർച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേരെ കവർച്ചാ ശ്രമത്തിനിടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. കീഴ്തോന്നയ്‌ക്കൽ സ്വദേശി അൽസാജ് (25), മേൽതോന്നയ്‌ക്കൽ സ്വദേശി തൗഫീഖ് (19) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു വച്ച് പിടികൂടിയത്. രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ച് രക്ഷപ്പെടുന്നതിനിടെയാണ് ഇവർ വലയിലായത്. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ തടഞ്ഞ് നിറുത്തിയും, കടകളിൽ കയറി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയും പരിക്കേല്പിച്ചും കവർച്ച നടത്തുന്നതാണ് രണ്ട് ബൈക്കുകളിൽ കറങ്ങുന്ന ഇവരുൾപ്പെട്ട ആറംഗ സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഈ ആറംഗസംഘമാണ് കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്, നെടുമങ്ങാട്, പനവൂർ ഭാഗങ്ങളിൽ വഴിയാത്രക്കാരെ അക്രമിച്ച് കവർച്ച നടത്തിയതെന്നും പൊലീസ് അറിയിച്ചു. ഇവർ കഴക്കൂട്ടം, മംഗലപുരം, നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കവർച്ചാകേസുകൾ നടത്തിയെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളുടെ പേരിൽ 14 വധശ്രമ കേസുകളും നിലവിലുണ്ട്. ഓപ്പറേഷൻ കോബ്രയുടെ ഭാഗമായി മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവർ വലയിലായത്. എസ്.എെമാരായ ഹരിലാൽ, സാബു, സതീഷ്, ശേഖർ, പൊലീസ് ഉദ്യോഗസ്ഥരായ രാജേഷ്, ഷെെനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.