ചെങ്ങന്നൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഉചിതമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ 'ഫ്ളാഷി'നോട് പറഞ്ഞു. നിലവിൽ താൻ പത്തനംതിട്ടയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണ്. കൊട്ടാരം നിർവാഹക സംഘം ഇത് സംബന്ധിച്ച് യോഗം ചേർന്നിട്ടില്ല. മത്സരരംഗത്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പല രാഷ്ട്രീയ കക്ഷികളും വ്യക്തികളും സമീപിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്രനായി മത്സരിക്കണമെന്ന് ചിലർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഈ ഘട്ടത്തിൽ പരിഗണിക്കേണ്ടെന്ന നിലപാടാണ്. എന്നാൽ താനോ കൊട്ടാരം നിർദ്ദേശിക്കുന്ന മറ്റാരെങ്കിലുമോ മത്സരിക്കുന്നതിനെ കുറിച്ച് അടുത്ത ഘട്ടത്തിലേ തീരുമാനമെടുക്കൂ.
രാഷ്ട്രീയ പാർട്ടികളിൽ ഭൂരിപക്ഷവും ഡബിൾ റോൾ കളിക്കുകയായിരുന്നു. ആചാരാനുഷ്ഠാന സംരക്ഷണത്തിനായി എല്ലാ മതവിഭാഗങ്ങളെയും കോർത്തിണക്കി ഒരു സംഘടന രൂപീകരിക്കാൻ പി.സി.ജോർജ് എം.എൽ.എ തന്നെ സമീപിച്ചിരുന്നു. ഇക്കാര്യം ശബരിമല പ്രശ്നങ്ങൾ തീർന്നശേഷം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചു.
രാഷ്ട്രീയ കക്ഷികളിൽ ഭൂരിപക്ഷവും നിയമസഭയിലോ പാർലമെന്റിലോ ഭക്തരുടെ വികാരം പ്രതിഫലിപ്പിക്കുന്ന തരത്തിൽ ഇടപെടൽ നടത്തിയിട്ടില്ല. നിയമസഭയിൽ കേരള ഹിന്ദു റിലീജിയസ് ആക്ടിനെക്കുറിച്ച് പഠിച്ച് സംസാരിച്ചത് കെ.എൻ.എ.ഖാദർ മാത്രമാണ്. പാർലമെന്റിൽ കേരളത്തിന് പുറത്തുള്ള മീനാക്ഷി ലേഖി എം.പി മാത്രമാണ് ഇതേപ്പറ്റി സംസാരിക്കാൻ തയ്യാറായത്.
ശബരിമലയും പന്തളവും ഉൾപ്പെടുന്ന പത്തനംതിട്ട എം.പി ആന്റോ ആന്റണി പാർലമെന്റിന്റെ അവസാന ദിവസം മാത്രമാണ് പ്രതികരിക്കാൻ തയ്യാറായത്.
ഭക്തരുടെ വികാരം ഏറ്റെടുക്കാൻ ഭൂരിപക്ഷം ജനപ്രതിനിധികളും തയ്യാറായില്ല. ക്ഷേത്രാചാര സംരക്ഷണ സമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ നടത്തിയിട്ടുള്ളത്. സുപ്രീംകോടതി വിധിക്ക് ശേഷം പന്തളം കൊട്ടാരത്തിന്റെ ആഹ്വാനപ്രകാരം ഒക്ടോബർ 2ന് പന്തളത്ത് നടന്ന നാമജപ പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തതോടെയാണ് പല രാഷ്ട്രീയ കക്ഷികളും ഇതേപ്പറ്റി സംസാരിക്കാൻ തന്നെ തയ്യാറായതെന്നും ശശികുമാര വർമ്മ പറഞ്ഞു.