തിരുവനന്തപുരം: ആരോടും ആലോചിക്കാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പാർട്ടി സ്ഥാനാർത്ഥികളുടെ ചുരുക്കപട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് നൽകിയെന്ന് പാർട്ടിയിൽ ആക്ഷേപം രൂക്ഷമാകുന്നു.
ഇതേതുടർന്ന് പാർട്ടിയിൽ ഭിന്നത രൂക്ഷമായി.
എല്ലാ ലോക്സഭാ മണ്ഡലങ്ങളിലേക്കും മൂന്നുവീതം പേരുടെ ചുരുക്കപട്ടികയാണ് തയ്യാറാക്കിയത്. എന്നാൽ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നായിരുന്നു മറ്ര് നേതാക്കളുടെ പ്രതികരണം. ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞതോടെ ഇതേക്കുറിച്ച് തങ്ങൾക്കറിയില്ലെന്നും തങ്ങളോടാലോചിച്ചില്ലെന്നുമാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ പിന്നീട് പ്രതികരിച്ചത്. പട്ടികയെക്കുറിച്ചോ സ്ഥാനാർത്ഥിയാവേണ്ട ആളുകളെക്കുറിച്ചോ തങ്ങളോട് സംസ്ഥാന നേതൃത്വം ആലോചിച്ചിട്ടില്ലെന്ന് വിവിധ ജില്ലാ പ്രസിഡന്റുമാരും പ്രതികരിച്ചു.
ഈയിടെ സംസ്ഥാന കോർ കമ്മിറ്രി, സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ലോക്സഭാ മണ്ഡലം പ്രഭാരിമാർ , കൺവീനർമാർ എന്നിവരുടെ നിരവധി യോഗങ്ങൾ നടന്നെങ്കിലും ഒരിടത്തും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച യാതൊരുവിധ ചർച്ചയും നടന്നിട്ടില്ല. ചുരുക്കപ്പട്ടിക തയ്യാറാക്കാൻ ആരും നിർദ്ദേശിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി ചുരുക്കപ്പട്ടികയെക്കുറിച്ച് പ്രഖ്യാപിച്ചത് ശരിയായില്ലെന്നാണ് മറ്രു നേതാക്കൾ തുറന്നടിച്ചത്.
ഏറ്രവും സാദ്ധ്യതയുള്ള സീറ്രുകളിലേക്ക് കേന്ദ്രനേതൃത്വം തന്നെ സ്ഥാനാർത്ഥി നിർണയം നടത്തുന്നതിനാൽ ഇവിടെ ഇപ്പോൾ പട്ടികയുണ്ടാക്കിയിട്ട് കാര്യമില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. സംസ്ഥാനത്തെ ആർ.എസ്. എസ് നേതാക്കളും സ്ഥാനാർത്ഥി നിർണയ ചർച്ച തങ്ങളുടേതായ രീതിയിൽ നടത്തുന്നുണ്ട്. ആർ.എസ്.എസ് തന്നെയായിരിക്കും ഒടുവിൽ സ്ഥാനാർത്ഥി നിർണയം നടത്തുക എന്നാണ് കരുതുന്നത്.
ഇത്തവണ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബി.ജെ.പി കൂടുതൽ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ആറ്രിങ്ങൽ , കൊല്ലം,മാവേലിക്കര, കാസർകോട് മണ്ഡലങ്ങളിലും നല്ല പോരാട്ടം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ . പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് എന്നിവരെയാണ് കാസർകോട്ടേക്ക് പരിഗണക്കുന്നത്. പാലക്കാട് സി.കൃഷ്ണകുമാർ, ആറ്രിങ്ങൽ ശോഭാ സുരേന്ദ്രൻ, മാവേലിക്കര പി.സുധീർ, നീലകണ്ഠൻ , പത്തനംതിട്ട മഹേഷ് മോഹൻ, കെ.പി.ശശികല, തിരുവനന്തപുരം കുമ്മനം രാജശേഖരൻ , കൊല്ലം സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്. കെ.സുരേന്ദ്രന്റെ പേര് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലും കേൾക്കുന്നുണ്ട്. എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവരും മത്സരംഗത്തുണ്ടാവും.