jj

നെയ്യാറ്റിൻകര: അയൽസംസ്ഥാനങ്ങളിൽ നിന്നും അമരവിള ചെക്ക് പോസ്റ്റ് വഴി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും നിർലോഭം കടത്തുന്നു. കഴിഞ്ഞ ദിവസം തമ്പാനൂരിൽ വച്ച് പൊലീസ് പിടികൂടിയ 80 കിലോ കഞ്ചാവ് അമരവിള ചെക്ക് പോസ്റ്റു വഴി വെട്ടിച്ച് കൊണ്ടു വന്നതാണെന്ന് തെളിഞ്ഞതോടെ കഞ്ചാവിനും ലഹരി വസ്തുക്കൾക്കും കേരളത്തിലേക്ക് കടക്കുവാനുള്ള മെയിൻ എൻട്രൻസ് ഗേറ്റായി അമരവിള ചെക്ക് പോസ്റ്റ് മാറി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബസമേതം സഞ്ചരിക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ രണ്ടു എക്സൈസ് വനിതാ ഗാർഡുകളെ കൂടെ നിയോഗിച്ചിട്ടും കടത്തിന് കുറവില്ല.

തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകൾക്കും കോളേജിനും മുൻപിൽ കഞ്ചാവ് ഇപ്പോൾ ലഭ്യമാണ്. ഇവ പ്രധാനമായും തമിഴ്നാട്ടിൽ നിന്നും കൊണ്ടു വരുന്നവയാണ്. കാരിയേഴ്സ് മിക്കപ്പോഴും ഇരു ചക്രവാഹനങ്ങളിലാകും യാത്ര. മധുര, തിരുനെൽവേലി ഭാഗത്തു നിന്നും ബസിലും ട്രെയിനിലും എത്തിക്കുന്ന കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും അമരവിള ചെക്ക് പോസ്റ്റിൽ എത്തിച്ച ശേഷം പിന്നീട് ഇരുചക്രവാഹനങ്ങളിലാണ് ചെക്ക് പോസ്റ്റ് വെട്ടിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് കൊണ്ടുവരുന്നത്. കടത്തിക്കൊണ്ടു വരുന്ന ലഹരിവസ്തുക്കളുടെ വിലയുടെ ലാഭവിഹിതം പറ്റുന്നവരും മാസശമ്പളക്കാരായും കാരിയേഴ്സ് പ്രവർത്തിക്കുന്നുണ്ട്.