വന്യമൃഗങ്ങളെ കൊന്നാൽ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന നാടാണ് ഇന്ത്യ. എന്നാൽ ലോകത്തിലേറ്റവുമധികം വന്യമൃഗ സമ്പത്തുള്ള ആഫ്രിക്കൻ നാടുകളിലെ വന്യമൃഗസംരക്ഷണ നിയമത്തിൽ മൃഗങ്ങളെ വേട്ടയാടി കൊല്ലാനും വകുപ്പുണ്ട്! അതിന് സർക്കാരിന്റെ അനുമതി വേണമെന്ന് മാത്രം. അതോടൊപ്പം തന്നെ, വലിയ തുക ഫീസായി കെട്ടിവെയ്ക്കുകയും വേണം. ഉദാഹരണമായി, സിംഹത്തെ കൊല്ലാൻ 8.7 ലക്ഷം രൂപ സർക്കാരിന് നൽകണം. ഹിപ്പോപൊട്ടാമസിനെ കൊല്ലാൻ 2.4 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്. പുലി-കടുവ എന്നിവയെ വെടിവെച്ചു കൊല്ലാൻ 5.11 ലക്ഷം രൂപ.
നായാട്ടിനു കൊണ്ടുപോകാനും നിരവധി കമ്പനികളുണ്ട്. നിശ്ചിത ഫീസടച്ചാൽ കമ്പനി പ്രതിനിധികൾ ചെറിയ വിമാനത്തിലോ ജീപ്പിലോ നായാട്ടിനായി കൊണ്ടുപോകും. എല്ലാ കാടുകളിലും നായാട്ട് അനുവദനീയമല്ല. ചില കാടുകളിലെ ചില മേഖലകൾ മാത്രമാണ് നായാട്ടിനായി നീക്കി വെച്ചിരിക്കുന്നത്. 'നായാട്ട് കമ്പനി'കൾ വാഹനങ്ങൾ, തോക്ക്, താമസം എന്നിവയെല്ലാം ഒരുക്കിത്തരും. രണ്ടുമുതൽ 12 ദിവസം വരെ നീളുന്ന നായാട്ട് പാക്കേജുകളുണ്ട്. 'ട്രോഫി ഹണ്ടിംഗ് എന്നാണ് മൃഗനായാട്ടിന് ടാൻസാനിയയിലെ വിളിപ്പേര്. കുരങ്ങൻ മുതൽ ചീങ്കണ്ണി വരെയുള്ള വന്യമൃഗങ്ങളെ അനുമതിയോടെ വേട്ടയാടാമെങ്കിലും 'ബിഗ് ഗെയിം ട്രോഫി ഹണ്ടിങ്' എന്ന ഗണത്തിൽപ്പെട്ട നായാട്ടിനാണ് ഉപഭോക്താക്കൾ കൂടുതൽ. ആന, സിംഹം, കാട്ടുപോത്ത്, കണ്ടാമൃഗം, പുള്ളിപ്പുലി എന്നിവയാണ് ബിഗ്‌ഗെയിം ട്രോഫി ഹണ്ടിങിൽ പെടുന്ന വന്യമൃഗങ്ങൾ. നായാട്ടുകാർക്ക് ഏറ്റവുമധികം വെല്ലുവിളി ഉയർത്തുന്ന മൃഗങ്ങളായതുകൊണ്ടാണ് ഇവയെ പ്രത്യേക വിഭാഗമായി കണക്കാക്കുന്നത്.