തിരുവനന്തപുരം: പ്രാർത്ഥനകളോടെ ആയിരത്തെട്ട് നമസ്കാരം പൂർത്തിയാക്കി എഴുന്നള്ളത്തിന് അകമ്പടി സേവിക്കാൻ കുത്തിയോട്ട ബാലന്മാർ എത്തി. ദേവിക്കുള്ള പ്രധാന നേർച്ചകളിലൊന്നായ കുത്തിയോട്ട ബാലന്മാരുടെ വ്രതാരംഭത്തിന് ഇത്തവണ 815 ബാലൻമാരാണ്. രാവിലെ ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെയെത്തിയ ബാലന്മാർ ആദ്യം ആറ്റുകാലമ്മയെ വണങ്ങി. കാപ്പുകെട്ടി പള്ളിപ്പലകയിൽ ഏഴ് നാണയങ്ങൾ ദേവിക്ക് കാഴ്ചവച്ച് മേൽശാന്തിയിൽ നിന്ന് ഇന്നലെ പ്രസാദം വാങ്ങിയതോടെയാണ് വ്രതം ആരംഭിച്ചത്.13 വയസിൽ താഴെയുള്ള കുട്ടികളാണ് കുത്തിയോട്ട നേർച്ചയ്ക്കെത്തുന്നത്. പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രധാന ചടങ്ങാണ് കുത്തിയോട്ട വ്രതം. 8.45 നാണ് ഓരോ ബാലൻമാരായി വ്രതം ആരംഭിച്ചത്. രക്ഷിതാക്കളും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ വ്രതാരംഭത്തിന് സാക്ഷികളായി. രജിസ്റ്റർ ചെയ്‌ത അത്രയും ബാലന്മാർ കുത്തിയോട്ടത്തിനായി എത്തി.

ഉത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും ദേവീദർശനത്തിനായി ഭക്തരുടെ ഒഴുക്ക് തുടർന്നു. എവിടെയും ദേവീ മന്ത്രത്താൽ മുഖരിതമായി. പുലർച്ചെ 4.30ന് നിർമ്മാല്യത്തിൽ തുടങ്ങി ഭക്തരുടെ തിരക്കിൽ ക്ഷേത്ര പരിസരം നിറഞ്ഞു. കുത്തിയോട്ടവ്രതാരംഭ ദിനം കൂടിയായിരുന്നതോടെ ബാലന്മാരുടെ രക്ഷിതാക്കളെക്കൊണ്ടും ക്ഷേത്രപരിസരം നിറഞ്ഞു. 7.30ന് പന്തീരടി പൂജ നടന്നു. ഉച്ചയ്‌ക്കുള്ള ദീപാരാധന തൊഴാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലെത്തിയത്. വൈകിട്ടും രാത്രിയിലും തിരക്ക് തുടർന്നു. 7.15ന് ഭഗവതി സേവയും 9.30ന് അത്താഴശ്രീബലിയും നടന്നു. പുലർച്ചെ 12 ന് ദീപാരാധനയും കഴിഞ്ഞ് 1 നാണ് നട അടച്ചത്. മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണ് ദർശനഭാഗ്യം ലഭിക്കുന്നത്. വലിയ നടപ്പന്തലിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുള്ളത് തിരക്ക് നിയന്ത്രണ വിധേയമാക്കുന്നുണ്ട്. വനിതാ പൊലീസ് ഉൾപ്പെടെയുള്ളവരുടെ സേവനവും ഇവിടെ ലഭ്യമാണ്‌.

കലാപരിപാടിയും തോറ്റംപാട്ടും

കോവലനെ ദേവി കല്യാണം കഴിക്കുന്നതിന്റെ വർണനകളാണ് ഇന്നലെ തോറ്റംപാട്ടിൽ അവതരിപ്പിച്ചത്. ഈ ഭാഗം മാലപ്പുറം പാട്ട് എന്നാണറിയപ്പെടുന്നത്. കൊഞ്ചിറ സ്വദേശി മധുവാശാന്റെ നേതൃത്വത്തിലാണ് തോറ്റംപാട്ട് അരങ്ങേറുന്നത്. ദരിദ്രനായ കോവലൻ ദേവിയുടെ നിർബന്ധത്തിന് വഴങ്ങി നിത്യവൃത്തിക്കായി ചിലമ്പ് വിൽക്കാൻ പോകുന്ന ഭാഗമാണ് ഇന്ന് അവതരിപ്പിക്കുക. അംമ്പയിൽ കണ്ണൂർ ശിവപാർവതി സംഘം രാവിലെ 9.30ന് കച്ചേരി നടത്തി. വൈകിട്ട് 5.30ന് ആര്യാ സെന്നിന്റെ സംഗീതക്കച്ചേരിക്കും രാത്രി 9.30ന് വിധു പ്രതാപ്, രാജലക്ഷ്മി, രവിശങ്കർ, നയന നായർ എന്നിവർ അവതരിപ്പിച്ച ഗാനമേളയ്‌ക്കും വൻ തിരക്കായിരുന്നു.

പുലർച്ചെ കുളിച്ച് ഈറനോടെ ദേവീ നാമജപവുമായി ക്ഷേത്രസന്നിധിയിൽ ഏഴ് ദിവസം കൊണ്ട് 1008 പ്രദക്ഷിണം ചെയ്ത് ഭജനമിരിക്കുന്നതാണ് ചടങ്ങ്. ഒൻപതാം ദിവസം പൊങ്കാല നിവേദ്യം കഴിഞ്ഞ് വ്രതമിരിക്കുന്ന കുട്ടികൾക്ക് വാരിയെല്ലിന് താഴെയായി ചൂരൽ കുത്തുന്നതോടെയാണ് കുത്തിയോട്ടത്തിന് തുടക്കം കുറിക്കുക. വെള്ളിയിൽ നിർമ്മിച്ച നൂലാണ് ചൂരലായി സങ്കല്പിച്ച് കുത്തുന്നത്. തുടർന്ന് അണിഞ്ഞൊരുങ്ങിയ കുട്ടികൾ പുറത്തെഴുന്നെള്ളിപ്പ് ഘോഷയാത്രയിൽ അകമ്പടി സേവിക്കും. ക്ഷേത്ര കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് പുറത്തെഴുന്നള്ളിപ്പ് ഘോഷയാത്ര നടക്കുന്നത്. ഘോഷയാത്ര മണക്കാട് ശാസ്താക്ഷേത്രത്തിലെത്തി തിരികെ ആറ്റുകാലിലെത്തി വെള്ളിനൂൽ ഊരിയെടുത്ത് ദേവിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ട വഴിപാട് അവസാനിക്കും. മഹിഷാസുര മർദ്ദിനിയുടെ മുറിവേറ്റ ഭടൻമാരായാണ് കുത്തിയോട്ടക്കാരെ കരുതുന്നത്. ആറ്റുകാൽ ക്ഷേത്രത്തിലെ ആചാരമനുസരിച്ച് വ്രത കാലയളവിൽ കുട്ടികൾ വീടുകളിൽ പോകാനോ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനോ പാടില്ല. ക്ഷേത്രത്തിനകത്തുതന്നെ കഴിയും. പുറത്ത് നിന്ന് വരുന്നവരുടെ സ്പർശനമേൽക്കാൻ പോലും പാടില്ല. ചമ്പാവരി കഞ്ഞിയും പയറും പർപ്പടകവുമാണ് പ്രഭാത ഭക്ഷണം. 7-ാം ഉത്സവ ദിവസം മാത്രം ഉപ്പുമാവും പുഴുങ്ങിയ ഏത്തപ്പഴവും ബ്രൂ കോഫിയും. എല്ലാ ദിവസവും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ. രാത്രി അവിലും പഴവും കരിക്കിൻവെള്ളവുമാണ് ആഹാരം. പൊങ്കാലദിവസമായ 20ന് രാത്രി 7.30നാണ് കുത്തിയോട്ടം ചൂരൽകുത്ത്.