നെയ്യാറ്റിൻകര: ജില്ലാ ജനറൽ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇനി കാത്തിരുന്ന് മുഷിയേണ്ട. ആശുപത്രിയിലെ തുറന്ന വായനശാലയിൽ നിന്നും പുസ്തകങ്ങളെടുക്കാം. ആവശ്യം പോലെ വായിക്കാം. തിരികെ വയ്ക്കാം. നെയ്യാറ്റിൻകര ബോയ്സ്, ഗേൾസ് സ്കൂളുകളിലെ എൻ.എസ്.എസ് വോളന്റിയേഴ്സിന്റേതാണ് ഈ വായനാബുദ്ധി. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്ന സപ്തദിന ക്യാമ്പിനോടനുബന്ധിച്ചാണ് വോളന്റിയേഴ്സ് എഴുന്നൂറിലേറെ പുസ്തകങ്ങൾ ശേഖരിച്ച് ആശുപത്രിയിൽ തുറന്ന വായനശാലക്ക് തുടക്കമിട്ടത്. ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ പുസ്തകം വായിച്ച് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ജോയ്മോൻ അദ്ധ്യക്ഷനായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യാസദാശിവൻ, ആർ.എം.ഒ ഡോ. ലിജ, പി.ആർ.ഒ അരുൺ പ്രശാന്ത്, ഗവ. ബി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജോയ് ജോൺസ്, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ അനിൽകുമാർ, ഹെഡ്മിസ്ട്രസ് ശശികല, മധുകുമാരൻനായർ, സുഗുണൻ, സുരേഷ് കുമാർ, ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ പങ്കെടുത്തു.