attakulangara

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ചു. എസ്.കെ.പി ടിംബേഴ്സിന് സമീപത്ത് നിന്ന് ചാലയിലേക്ക് പോകുന്ന റോഡിന്റെ വശത്ത് പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശി അരുണാചലത്തിന്റെ ആക്രി ഗോഡൗണിലാണ് ഇന്നലെ പുലർച്ചെ നാലോടെ തീപിടിത്തമുണ്ടായത്. ഗോഡൗണിലുണ്ടായിരുന്ന ഇരുമ്പ് സാധനങ്ങൾക്കും പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾക്കുമാണ് തീപിടിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അരുണാചലം പറഞ്ഞു. കഴിഞ്ഞ വർഷവും ഇവിടെ തീപിടിത്തമുണ്ടായിരുന്നു. അട്ടിമറിയാണോയെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. പഴയ ഫ്രിഡ്‌ജുകൾ,​ തകരപ്പാട്ടകൾ,​ പ്ലാസ്റ്റിക്,​ പാഴ്ക്കടലാസുകൾ,​ കന്നാസുകൾ തുടങ്ങിയവയായിരുന്നു ഗോഡൗണിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി 10 വരെ കട പ്രവർത്തിച്ചിരുന്നു. ഗോഡൗണിൽ കൂട്ടിയിട്ടിരുന്ന ഫ്രിഡ്‌ജുകളുടെ കംപ്രസറുകൾ തീപിടിത്തത്തിൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തിനൊപ്പം ഗോഡൗണിൽ നിന്ന് തീയും പുകയും ഉയരുകയും ചെയ്‌തു. വൻസ്‌ഫോടന ശബ്ദംകേട്ട നാട്ടുകാരാണ് വിവരം ഫോർട്ട് പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചത്. തുടർന്ന് ചെങ്കൽചൂളയിൽ നിന്നും ചാക്കയിൽ നിന്നും അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് തീ കെടുത്താൻ ശ്രമം തുടങ്ങി. എന്നാൽ അപ്പോഴേക്കും ഗോഡൗണിന്റെ പകുതിയിലേറെ സ്ഥലത്ത് തീ പടർന്നിരുന്നു. തുടർന്ന് കഴക്കൂട്ടം, വിഴിഞ്ഞം, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അഗ്നിശമനസേനാ യൂണിറ്റുകളെത്തി രണ്ടര മണിക്കൂറോളം പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കി. എസ്.കെ.പി ഗ്രൂപ്പിന്റെ ഫർണിച്ചർമാർട്ടും നിരവധി കടകളും വീടുകളും സ്ഥിതിചെയ്യുന്ന ഇവിടെ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതെ തടയാൻ കഴിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. ടിൻ ഷീറ്റുകൾ കൊണ്ട് മറച്ച തുറസായ സ്ഥലത്താണ് ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരുന്നത്. ഷോർട്ട് സർക്യൂട്ടല്ല,​ പ്ലാസ്റ്റിക്കിന് തീപിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർസ്റ്രേഷൻ ഓഫീസർമാരായ അബ്ദുൾ റഷീദ്, സുരേഷ്‌‌കുമാർ, അശോക് കുമാർ, പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിശമന പ്രവർത്തനങ്ങൾ നടന്നത്.