election

തിരുവനന്തപുരം: ലോക്‌‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചയിലേക്ക് എൽ.ഡി.എഫ് കടക്കാനിരിക്കെ സി.പി.എം, സി.പി.ഐയ്ക്ക് പുറമേ ആർക്കൊക്കെ സീറ്റ് കിട്ടുമെന്ന ഉദ്വേഗത്തിലാണ് മുന്നണിയിലെ ഘടകകക്ഷികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം 15 സീറ്റിലും സി.പി.ഐ നാല് സീറ്റിലും ജനതാദൾ എസ് ഒരു സീറ്റിലുമാണ് മത്സരിച്ചത്. നാല് കക്ഷികളെകൂടി ഉൾപ്പെടുത്തി മുന്നണി വിപുലീകരിച്ച സ്ഥിതിക്ക് അവരിൽ ആർക്കൊക്കെ സീറ്റ് കിട്ടുമെന്ന ചോദ്യമാണ് ഉയരുന്നത്.

നിർണായക തിരഞ്ഞെടുപ്പായതിനാൽ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ സി.പി.എം തയാറാവില്ല. തങ്ങളുടെ സീറ്റ് വിട്ടുകൊടുക്കാൻ സി.പി.ഐയും. ജനതാദളിന് ഒരു സീറ്റ് ഇക്കുറിയും കിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും കോട്ടയം സീറ്റ് വച്ചുമാറാനാവുമോ എന്ന ആലോചനയിലാണ് അവരെന്നാണ് സൂചന. തിരുവനന്തപുരം കിട്ടുമോ എന്നാണ് അവരുടെ നോട്ടം. അങ്ങനെയെങ്കിൽ എ. നീലലോഹിത ദാസിനെ മത്സരിപ്പിക്കാനാണ് ദൾ ഉദ്ദേശിക്കുന്നതത്രേ. എന്നാൽ, അത് വിട്ടുകൊടുക്കാൻ സി.പി.ഐ തയാറാവില്ല. അങ്ങനെയെങ്കിൽ കോട്ടയം സീറ്റ് കൂടി സി.പി.എം ഏറ്റെടുക്കുമോ എന്നാണ് അറിയേണ്ടത്. പകരം മറ്റേതെങ്കിലും സീറ്റ് ദളിന് കൊടുക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

പുതുതായി മുന്നണിയിൽ എത്തിയ കക്ഷികൾക്ക് സീറ്റ് കൊടുക്കണമെങ്കിൽ അത് സി.പി.എമ്മിന്റെ അക്കൗണ്ടിൽ നിന്നുതന്നെ വേണ്ടിവരും. അതിന് സി.പി.എം തയാറാവില്ല. ദളിന്റെ സീറ്റ് കൂടി ഏറ്റെടുത്താൽ ഇക്കുറി 16 സീറ്റിൽ സി.പി.എമ്മിന് മത്സരിക്കാനാവും. എന്നാൽ, വിട്ടുകൊടുക്കാൻ ദൾ തയാറാകുമോ എന്നതാണ് പ്രധാന ചോദ്യം.

അതേസമയം, പുതിയ ഘടകകക്ഷികൾ മാത്രമല്ല, എൻ.സി.പിയും സീറ്റ് ആഗ്രഹിക്കുന്നുണ്ട്. ഐ.എൻ.എൽ, ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസ്, ആർ.ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് (ബി), ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) എന്നിവയാണ് പുതുതായി എത്തിയ കക്ഷികൾ. സീറ്റ് ചോദിക്കില്ലെന്ന സൂചന ബാലകൃഷ്ണപിള്ള നൽകി കഴി‌ഞ്ഞു. ശേഷിക്കുന്ന കക്ഷികൾ ഒരോ സീറ്റ് വീതം കിട്ടിയാൽ കൊള്ളാമെന്ന ആഗ്രഹത്തിലാണ്.

രാജ്യസഭാ സീറ്റ് നൽകിയതിനാൽ എൽ.ജെ.ഡിക്ക് ലോക്സഭാ സീറ്റ് നൽകാനിടയില്ല. എങ്കിലും വടകര,​ കോഴിക്കോട് സീറ്റുകളിലൊന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. കാസർകോട് സീറ്റിലാണ് ഐ.എൽ.എൽ നോട്ടം. കോട്ടയം,​ പത്തനംതിട്ട സീറ്റുകളിലൊന്നിലാണ് ജനാധിപത്യ കേരള കോൺഗ്രസിന്റെ മോഹം. എൻ.സി.പിക്കാകട്ടെ പത്തനംതിട്ടയും.

എന്നാൽ,​ ഇവർക്കെല്ലാം ആഗ്രഹം മാറ്റിവയ്ക്കേണ്ടിവരുമെന്ന സൂചനയാണ് സി.പി.എം നേതാക്കൾ നൽകുന്നത്. ദളിനും സീറ്റ് കൊടുത്തില്ലെങ്കിൽ ഫലത്തിൽ ഇത്തവണ സി.പി.എമ്മും സി.പി.ഐയും മാത്രമായിരിക്കും മത്സരിക്കുക. അതേസമയം, സീറ്റ് കിട്ടിയില്ലെങ്കിലും കലഹിക്കാൻ ഘടകകക്ഷികൾ തയാറായേക്കില്ല.


അതിനൊരു കാരണമുണ്ട്!

ദേശീയ തലത്തിൽ നേരിടുന്ന പ്രതിസന്ധിമൂലം കേരളത്തിൽ പരമാവധി സീറ്റുകളിൽ മത്സരിച്ച് വിജയിക്കാനുള്ള നീക്കമാണ് സി.പി.എമ്മും സി.പി.ഐയും നടത്തുന്നത്. അതിനാൽ,​ ഘടകകക്ഷികളോട് ഉദാര സമീപനം സ്വീകരിക്കാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ സി.പി.എമ്മിന് 9 സീറ്രാണ് ലോക്സഭയിലുള്ളത്. എന്നാൽ,​ ഇക്കുറി ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും കാര്യമായ വെല്ലുവിളി പാർട്ടി നേരിടുന്നുണ്ട്. മറ്ര് സംസ്ഥാനങ്ങളിലാകട്ടെ പ്രാദേശിക കക്ഷികളുമായുള്ള സഖ്യത്തിലും വ്യക്തത വന്നിട്ടില്ല. തമിഴ്നാട്ടിൽ ഡി.എം.കെയിലാണ് സി.പി.എം കൂടുതൽ പ്രതീക്ഷ വച്ചുപുലർത്തുന്നത്. സി.പി.ഐയുടെ സ്ഥിതിയും സമാനമാണ്. അതിനാൽ,​ ദേശീയ പാർട്ടി അംഗീകാരം നിലനിറുത്താൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സീറ്ര് നേടുന്നതിനൊപ്പം കേരളത്തിൽ നിന്ന് പരമാവധി വോട്ടും സീറ്രും നേടാനാണ് സി.പി.എം,​ സി.പി.ഐ ശ്രമം.