ramesh-chennithala

തിരുവനന്തപുരം : സംസ്ഥാന വികസനം ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും കാരണം സ്‌തംഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മൂന്നാഴ്ചയായി ട്രഷറിബില്ലുകൾ മാറുന്നില്ല. 1200 കോടിയുടെ കുടിശികയുള്ളതിനാൽ കരാറുകാർ ജോലികളേറ്റെടുക്കുന്നില്ല. ഡിസംബർ 20ന് ശേഷം കരാറുകാരുടെ ബില്ലുകളൊന്നും മാറിയിട്ടില്ല. ജനുവരി മുതൽ പൂർണ ബഡ്ജറ്റ് പാസാക്കിയിട്ടും പദ്ധതിവിഹിതം 20 ശതമാനം വെട്ടിക്കുറച്ചിട്ടും പദ്ധതിച്ചെലവ് ഇക്കൊല്ലം ഇതുവരെ 51.84 ശതമാനം മാത്രമാണ്.

24000 കോടിയുടെ നികുതി പിരിക്കാനുണ്ട്. വീഴ്ച കാരണം പ്രളയത്തിൽ നശിച്ച അരിയുടെയും നെല്ലിന്റെയും 113 കോടിയുടെ ഇൻഷ്വറൻസ് തുക നഷ്ടമായി. അടിക്കടിയുള്ള പൊലീസിലെ സ്ഥലംമാറ്റം ക്രമസമാധാനനില പൂർണപരാജയമാക്കി. ഷുക്കൂർ വധക്കേസിൽ സി.ബി.ഐ കുറ്റപത്രം നൽകിയിട്ടും പി. ജയരാജനെയും ടി.വി. രാജേഷിനെയും സി.പി.എം സംരക്ഷിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ടി.വി. രാജേഷ് എം.എൽ.എ സ്ഥാനം ഒഴിയണം.