ഗൾഫ് എന്ന് കേൾക്കുമ്പോൾ തന്നെ അവിടെ തലയുയർത്തി ജീവിക്കുന്ന ഒട്ടകങ്ങളെയാണ് നമുക്കാദ്യം ഓർമ്മവരിക. എന്നാൽ, അവിടെ അവയ്ക്കുവേണ്ടിമാത്രമായി ഒരിടമുണ്ട്! റാസൽഖൈമയിലേക്ക് എമിറേറ്റ്‌സ് റോഡ് വന്നുചേരുന്ന ഖദീജ എന്ന പ്രദേശത്താണ് ഏറെ കൗതുകങ്ങളുള്ള ഒട്ടകങ്ങളുടെ ഗ്രാമമുള്ളത്.
ഒട്ടകങ്ങളുടെ പരിപാലനം, വംശനാശഭീഷണി തടയൽ എന്നീ ലക്ഷ്യങ്ങളോടെ റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ ബിൻ അൽ ഖാസ്മിയാണ് ഈ ഗ്രാമം വിഭാവനം ചെയ്തത്.
എമിറേറ്റ്‌സ് റോഡുനിർമാണം നടക്കുന്നതിനിടയിലാണ് ആ പ്രദേശങ്ങളിൽ ഒട്ടകങ്ങളെ വളർത്തി ഉപജീവനം നടത്തുന്നവരെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാറ്റിപ്പാർപ്പിച്ചത്. പിന്നീടത് പൂർണമായും ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഒട്ടകങ്ങളുടെ ഗ്രാമമായി മാറ്റിയെടുക്കുകയായിരുന്നു.
ഇപ്പോഴിവിടെ ഒട്ടകത്തിന്റെ ജനനം മുതൽ വിവിധഘട്ടങ്ങളിലെ പരിപാലനത്തിനു പ്രത്യേകം സൗകര്യങ്ങളുണ്ട്. അഞ്ഞൂറ് ഏക്കറോളം നീണ്ടുകിടക്കുന്ന ഒരു പ്രദേശം, നാലുവശവും മതിൽപോലെ മരുഭൂമി, അതിനു നടുവിൽ താഴ്ന്നുനിരപ്പായ പ്രദേശം- അതാണ് റാസൽഖൈമയിലെ ഒട്ടകഗ്രാമം.
പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മുഖ്യമായും ഒട്ടകപരിപാലനത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്. അയ്യായിരത്തിൽപരം ഒട്ടകങ്ങളാണ് പലപ്രായത്തിൽ ഇവിടെയുള്ളത്.