തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സർവേകളിൽ പൂർണ വിശ്വാസമില്ലെങ്കിലും കേരളത്തിലെ പൊതുസാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു. ആർ.എസ്.എസ് - ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര മുന്നേറ്റത്തിനേ കഴിയൂ. മൂന്ന് വർഷത്തെ കേരളസർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തപ്പെടും.
ഘടകകക്ഷികൾ കൂടുതൽ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. 18ന് അവരുടെയെല്ലാം ആവശ്യങ്ങൾ കേട്ട് ചർച്ചയിലൂടെ പരിഹരിക്കും. കോൺഗ്രസ് സ്ഥാനാർത്ഥിനിർണയം 25നകം പൂർത്തിയാക്കാനാണ് ഹൈക്കമാൻഡ് നിർദ്ദേശമെങ്കിലും കെ.പി.സി.സി പ്രസിഡന്റിന്റെ ജാഥ 28 വരെയുള്ളതിനാൽ മാർച്ച് ആദ്യത്തോടെ തീരുമാനമാകും.
പി.സി. ജോർജ് പത്തനംതിട്ടയിൽ മത്സരിക്കാൻ പോകുന്നുവെന്ന വാർത്തയോട്, ഇന്ത്യൻ ഭരണഘടനയനുസരിച്ച് പ്രായപൂർത്തിയായ ഏതൊരാൾക്കും മത്സരിക്കാമല്ലോ എന്നായിരുന്നു മറുപടി.
'ഞാനൊരു പാവം, എന്നെ വിടൂ"
കഴിഞ്ഞ ദിവസം സ്വകാര്യ ടി.വി ചാനൽ പുറത്തുവിട്ട അഭിപ്രായസർവേയിൽ ജനപ്രീതിയിൽ പ്രതിപക്ഷ നേതാവ് താഴെയായതിനെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോൾ' ഞാനങ്ങനെ പോപ്പുലാരിറ്റിയൊന്നും ഉള്ളയാളല്ല. ജനങ്ങൾ തിരഞ്ഞെടുത്ത ആളായതിനാൽ ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നു. ഞാനൊരു പാവം, എന്നെ വിടൂ" എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.