നെയ്യാറ്റിൻകര: കേരള നവോത്ഥാനത്തിന് പ്രാരംഭം കുറിച്ച് ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്തു നടത്തിയ മഹാ ശിവലിംഗ പ്രതിഷ്ഠയുടെ 131-ാമത് വാർഷിക ഉത്സവത്തിന് 23ന് കൊടിയേറും. ഇതോടെ 10 ദിവസം നീണ്ടു നിൽക്കുന്ന ശിവരാത്രി മഹോത്സവം തുടങ്ങും. ദിവസവും രാവിലെ അഭിഷേകം, ശാന്തിഹവനം, ഗണപതിഹോമം, ഗുരുപൂജ, ഗണപതിപൂജ, ഉച്ചയ്ക്ക് അന്നദാനം എന്നിവ ഉണ്ടാകും.
23ന് വൈകിട്ട് 6.15ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ കൊടിയേറ്റും. തുടർന്ന് കാഴ്ചശ്രീബലി. രാത്രി 7ന് സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. 24ന് രാവിലെ പ്രസംഗമത്സരം, രാത്രി സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 24ന് രാത്രി 7ന് ചേരുന്ന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷയായിരിക്കും. 26ന് രാത്രി 7ന് ‘കേരള നവോത്ഥാനത്തിന് അരുവിപ്പുറം പ്രതിഷ്ഠയുടെ ഇന്നത്തെ പ്രസക്തി’ എന്ന വിഷയത്തിലെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. 28ന് രാത്രി ശാസ്ത്ര–സാങ്കേതിക സമ്മേളനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനാകും. മാർച്ച് 1ന് രാത്രി ഗുരുദേവകൃതികളുടെ സംഗീതാവിഷ്കാരം ‘ഉണർവ്–2019’. 2 ന് രാത്രി കലാസന്ധ്യ, 3ന് രാവിലെ 11ന് സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷികം. 4ന് ശിവരാത്രി ആഘോഷം തുടങ്ങും. രാവിലെ 11ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ അദ്ധ്യക്ഷതയിലാണ് യോഗം. വൈകിട്ട് 6.30ന് മന്ത്രി ഇ.പി.ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ശിവരാത്രി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശിവരാത്രി സന്ദേശം നൽകും. രാത്രി ആയിരംകുടം അഭിഷേകം, പുലർച്ചെ ആറാട്ടോടെ ഉത്സവം സമാപിക്കും.