തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതുതായി ഏർപ്പെടുത്തിയ നൂതന സംവിധാനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കവെ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളും മിനി കാൻസർ സെന്ററുകളാക്കുമെന്ന്
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിക്കുകയുണ്ടായി. കാൻസർ രോഗികളുടെ സംഖ്യ ഭീതിദമാം വിധം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കാൻസർ ചികിത്സാകേന്ദ്രങ്ങൾ അനിവാര്യമായിട്ടുണ്ട്. താലൂക്ക് ആശുപത്രികളിൽ വരെ കാൻസർ പരിശോധനയ്ക്കുള്ള സൗകര്യം വിപുലപ്പെടുത്തേണ്ട സ്ഥിതിയാണുള്ളത്.
സ്വകാര്യ മേഖലയിലും കാൻസർ ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. സൗകര്യങ്ങൾ കൂടുന്നതിനനുസരിച്ച് രോഗികളും വർദ്ധിക്കുന്നു എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. മെഡിക്കൽ കോളേജുകളിൽ റേഡിയോ തെറാപ്പി വിഭാഗം കാൻസർ ചികിത്സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ചും ആരോഗ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ആർ.സി.സി ഉൾപ്പെടെ കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത വിധത്തിലാണ് രോഗികളുടെ വർദ്ധന. റേഡിയോ തെറാപ്പിക്കായി ദീർഘമായി കാത്തിരിക്കേണ്ടിവരുന്ന ഇപ്പോഴത്തെ അവസ്ഥയ്ക്ക് മെഡിക്കൽ കോളേജുകളിലെ റേഡിയോ തെറാപ്പി വിഭാഗം വിപുലപ്പെടുത്തുന്നത് പരിഹാരമാകും.
കാൻസർ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ എന്തുകൊണ്ടാണ് സംസ്ഥാനത്ത് ഈ രോഗം കൂടുതലായി കാണുന്നതെന്ന് ആഴത്തിലുള്ള പഠനവും ഗവേഷണവുമൊക്കെ നടത്തേണ്ടതും ആവശ്യമായി വന്നിരിക്കുകയാണ്. മലയാളികളുടെ അമ്പേ മാറിക്കഴിഞ്ഞ ഭക്ഷണശീലത്തിന് കാൻസർ രോഗവുമായി അഭേദ്യബന്ധമുണ്ടെന്ന അഭിപ്രായം ശക്തിപ്പെട്ടുവരികയാണ്. എല്ലാത്തരം വിഷപദാർത്ഥങ്ങളുമടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം മലയാളികളെ പലവിധ രോഗങ്ങളിലേക്കും പിടിച്ചടുപ്പിക്കുകയാണെന്നു പറയുന്നത് വെറുതേയല്ല. നിരുപദ്രവകരമെന്നു കരുതിയിരുന്ന ഭക്ഷ്യവസ്തുക്കളിൽ പോലും മാരകമായ അളവിൽ വിഷം കലർന്നവയാണെന്നു കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു വിറ്റഴിക്കപ്പെടുന്ന പച്ചക്കറിയിലും പഴങ്ങളിലും മത്സ്യമാംസാദികളിലും മാത്രമല്ല കരിക്കിൻ വെള്ളത്തിൽപ്പോലും വിഷാംശമുണ്ടെന്നാണ് വിദഗ്ദ്ധന്മാരുടെ മുന്നറിയിപ്പ്.
ജനങ്ങൾ സുരക്ഷിത ഭക്ഷ്യവസ്തുക്കളാണ് കഴിക്കുന്നതെന്ന് പൂർണമായും ഉറപ്പുവരുത്തേണ്ട ചുമതല ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതാണ്. എന്നാൽ ഗൗരവപൂർവം ആ ചുമതല നിർവഹിക്കുന്നുണ്ടോ എന്ന കാര്യത്തിലേ സംശയമുള്ളൂ. തങ്ങളുടെ അസ്തിത്വം ബോധിക്കാനെന്നോണം ഇടയ്ക്കിടെ ചില പരിശോധനകൾ നടത്തി ജോലി തീർക്കുന്നതല്ലാതെ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിലും പഴവർഗങ്ങളിലും മാരകമായ തോതിൽ കീടനാശിനികൾ കലർന്നിട്ടുണ്ടെന്നുള്ളതിന് ധാരാളം തെളിവുകളുണ്ട്. ഇവയുടെയൊക്കെ പരിശോധനയ്ക്കോ നിയന്ത്രണത്തിനോ സ്ഥിരം സംവിധാനമൊന്നുമില്ല. ഇവ മാത്രമല്ല സംസ്ഥാനത്ത് എത്തുന്ന പലവ്യഞ്ജനങ്ങളുൾപ്പെടെ ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും മായം കലർന്നവയാണെന്നത് രഹസ്യമൊന്നുമല്ല.
ഈ വിഷവസ്തുക്കളെല്ലാം ഒരുവശത്ത് നിർബാധം വിറ്റഴിക്കപ്പെടുമ്പോൾ മറുഭാഗത്ത് പുതിയ പുതിയ ആശുപത്രികളും ഉയർന്നുവരികയാണ്. ഭക്ഷണരീതിയാണ് കാൻസർ രോഗം വർദ്ധിക്കാനുള്ള പ്രധാന കാരണമെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടും വിഷരഹിതമായ ഭക്ഷ്യവസ്തുക്കളാണ് ജനങ്ങൾക്ക് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കഴിയുന്നില്ല. സുരക്ഷിത ഭക്ഷണം എന്നത് ഗൗരവമാർന്ന ചർച്ചാവിഷയം പോലുമാകുന്നില്ലെന്നതാണ് ഏറ്റവും നിർഭാഗ്യകരം. പുകയിലയും കാൻസറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പണ്ടേ കേൾക്കുന്നതാണ്. പുകയില ഉത്‌പന്നങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനും കർക്കശ നിയന്ത്രണങ്ങളുണ്ടായിട്ടും ഏതു പെട്ടിക്കടയിലും അവ സുലഭമാണ്. നിരോധിക്കപ്പെട്ട ഉത്പന്നങ്ങൾ വരെ എവിടെയും ലഭിക്കും.
ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടാറുള്ളത്. എന്നിട്ടും അവയുടെ വരവും വില്പനയും ഉപയോഗവും മുറയ്ക്ക് നടന്നുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് കടകളിലൂടെയും ബേക്കറികളിലൂടെയും വിറ്റഴിക്കപ്പെടുന്ന പാക്കറ്റ് ഉത്‌പന്നങ്ങൾ പലതും അനുവദനീയമായതിലുമധികം രാസവസ്തുക്കൾ അടങ്ങിയതാണ്. ഒരിക്കൽ വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാമെന്നാണ് വിദഗ്ദ്ധ മതം. എന്നാൽ ഇത്തരം ഉത്പന്നങ്ങൾ പരിശോധിക്കപ്പെടാറേ ഇല്ലെന്നതാണ് വസ്തുത. പാചക എണ്ണയുടെ പുനരുപയോഗം നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങാൻ പോകുന്നതായി അറിയിപ്പുണ്ടായിരുന്നു. ദിവസേന അൻപതു ലിറ്ററിലധികം എണ്ണ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക അനുമതിപത്രം വാങ്ങണമെന്നാണ് നിർദ്ദേശം. നാടൊട്ടുക്കും കൂണുകൾ പോലെയാണ് വറവു കേന്ദ്രങ്ങൾ.
ചെറിയ തോതിലുള്ള സ്ഥാപനങ്ങൾ മുതൽ വൻകിട സ്ഥാപനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവിടങ്ങളിൽ നിന്ന് വിപണിയിലെത്തുന്ന പലതരം ഉത്‌പന്നങ്ങളുടെ ഉപയോഗ ക്ഷമത സംബന്ധിച്ച് ഉറപ്പൊന്നുമില്ല. അപകടമൊന്നും വരുത്താത്തതുകൊണ്ട് അവയുടെ മേൽ നിയന്ത്രണമൊന്നുമില്ലെന്നേയുള്ളൂ. കരിച്ചതും പൊരിച്ചതുമായ പല ഉത്പന്നങ്ങളും ആരോഗ്യമുള്ളവരെപ്പോലും അതിവേഗം രോഗികളാക്കുമെന്നാണ് കണ്ടെത്തൽ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരന്തരമായ നിരീക്ഷണവും പരിശോധനയും ആവശ്യമായ മേഖലയാണിത്. കാൻസറിനു പുറമെ ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കാനും അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾ കാരണമാകാറുണ്ട്. കാൻസർ രോഗ ചികിത്സ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകൾക്കൊപ്പം ഭക്ഷ്യ ഉത്‌പന്നങ്ങളുടെ കാര്യത്തിൽക്കൂടി നിയമം കർക്കശമാകേണ്ടതുണ്ട്.