atl14fa

ആറ്റിങ്ങൽ: ആശുപത്രികളെ ഹൈടെക്കാക്കി രോഗങ്ങളെ പ്രതിരോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മഴക്കാല പൂർവശുചീകരണം എന്ന ആശയത്തിന് പകരം 365 ദിവസവും ശുചീകരണമെന്ന പദ്ധതി ആവിഷ്കരിച്ചതിലൂടെ പ്രളയശേഷം നാം അഭിമുഖീകരിക്കുമായിരുന്ന വലിയ ആരോഗ്യപ്രശ്നത്തെ മറികടക്കാനായി. നിപ്പ പോലുള്ള കൊലയാളി വൈറസിനെ ചെറുത്തു തോല്പിക്കാൻ നമുക്കായത് ആരോഗ്യപ്രവർത്തകരുടെ അശ്രാന്ത പരിശ്രമം കൊണ്ടുതന്നെയാണെന്നും അവർ പറഞ്ഞു. അഡ്വ. ബി.സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ എം. പ്രദീപ്, വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ്, ആർ.രാജു, എ. റുഖൈനത്ത്, എസ്. ജമീല, അവനവഞ്ചേരി രാജു, സി. പ്രദീപ്, ആർ. പ്രദീപ്കുമാർ, എം. അനിൽകുമാർ, ആർ. രാമു, പി. ഉണ്ണികൃഷ്ണൻ, സി.എസ്. ജയചന്ദ്രൻ, അഡ്വ. സി.ജെ.രാജേഷ് കുമാർ, ഡോ. പി.വി പ്രീത, ഡോ. അരുണ.പി.വി, ഡോ. വി.സന്തോഷ്, എം. മുരളീധരൻ, ആർ. രാമൻകുട്ടി, എൻ. രവീന്ദ്രൻ നായർ, വി. ശിവൻപിള്ള, വിജയമോഹനൻപിള്ള, വി.കെ. ശ്രീജിത്ത്, ജി. പ്രദീപ് കുമാർ, ആർ. സുഭാഷ്, പി. തുളസീമണി, കിളിമാനൂർ പ്രസന്നൻ, കെ. ശോഭന എന്നിവർ സംസാരിച്ചു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ 3.5 കോടി രൂപയുടെ പുതിയ ഒ.പി. ബ്ലോക്ക്, 2.4 കോടി രൂപയുടെ ഡയാലിസിസ് യൂണിറ്റ്, 20 ലക്ഷം രൂപയുടെ വനിതാ കാന്റീൻ. 20 ലക്ഷം രൂപയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റ്, 5.5 ലക്ഷം രൂപയുടെ ഷീ ടോയ്‌ലെറ്റ്, മെറ്റേണിറ്റി ബ്ലോക്ക്,​ കണ്ണ് ചികിത്സാ തിയേറ്റർ, ​സായിഗ്രാമത്തിന്റെ സൗജന്യ ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെയും, സായിഗ്രാമത്തിന്റെ സൗജന്യ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.