തിരുവനന്തപുരം: ആധാരം തയ്യാറാക്കുന്നതുൾപ്പടെയുള്ള സേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വക്കീലന്മാരുടെയും രജിസ്‌റ്റർ ആഫീസുകളിൽ നിന്ന് വിരമിച്ചവരുടെയും, അവർ തയ്യാറാക്കിയ പ്രമാണങ്ങൾ രജിസ്‌റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും പേരിൽ നടപടി സ്വീകരിക്കുമെന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവന നിയമവിരുദ്ധവും അതിരുകടന്നതുമാണെന്ന് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. നിയമാനുസൃതം പൊതുസേവനം നടത്തുന്നവർക്കെതിരെയുള്ള മന്ത്രിയുടെ ബാലിശമായ പ്രസ്താവന പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോട്ടയത്ത് സംഘടനാ ഭാരവാഹിയായ സച്ചിദാനന്ദന്റെ ഓഫീസ് എ.കെ.ഡി.ഡബ്ല്യു ആൻഡ് എസ്.എ പ്രവർത്തകർ പിക്കറ്റ് ചെയ്ത നടപടിയിൽ യോഗം പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് എ.ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എൻ.കൃഷ്ണൻ നായർ, ബി.ആർ.സതീഷ് ചന്ദ്രൻ, പി.എം.സെബാസ്റ്റ്യൻ, ബി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.