വെമ്പായം: വെമ്പായം ഗ്രാമപഞ്ചായത്ത് 2019-20 ലെ വാർഷിക ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് എ. ഷീലജ അവതരിപ്പിച്ചു. നവകേരള മിഷന്റെ ഭാഗമായുള്ള ലൈഫ്, ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് ഈ വർഷം പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളിലെ ഉന്നമനം, ദാരിദ്ര്യ ലഘൂകരണം, വനിതാ - ശിശുക്ഷേമം, വൃദ്ധ പരിചരണം, യുവജന ക്ഷേമം, കാർഷിക ഉത്പാദന സൗകര്യം വർദ്ധിപ്പിക്കൽ, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, ആശ്രയ പദ്ധതി, റോഡു നവീകരണം, വൈദ്യുതീകരണം എന്നിവയ്‌ക്ക് ബഡ്ജറ്റ് ഊന്നൽ നല്‍കി. വരവ് കൂടിയും ചെലവുകൾ കുറഞ്ഞും സാമ്പത്തിക ചെലവ് നിലനിറുത്തിക്കൊണ്ടുള്ള ബഡ്ജറ്റാണ് ഇത്. നികുതി വരുമാനമായി 1,10,00,000 രൂപയും നികുതിയേതര വരുമാനമായി 50,25,500 രൂപയും ബഡ്ജറ്റ് വിഹിതമായി ലഭിച്ചിട്ടുളള തനതു വരുമാനം 1,60,75,000 രൂപയും ഉൾപ്പെടെ 3,21,00,500 രൂപ തനത് വരുമാനം പ്രതീക്ഷിക്കുന്നു. 2019 - 20 വർഷത്തേക്ക് ആകെ 38,19,56,984 രൂപ ആകെ വരവും 33,46,70,865 രൂപ ചെലവും ഉൾപ്പെടെ 4,72,86,119 രൂപ നീക്കി ബാക്കിയുളള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഉത്പാദന മേഖല - 1,37,44,385 രൂപ, നെൽക്കൃഷി - 5,00,000 രൂപ, വാഴ, പച്ചക്കറി, ഇടവിള കൃഷി - 10,00,000 രൂപ, കൃഷി അനുബന്ധമേഖല - 20,00,000 രൂപ, മൃഗസംരക്ഷണം, അനുബന്ധ പ്രവർത്തനങ്ങൾക്ക് - 50,00,000 രൂപ, ക്ഷീരവികസനം - 50,00,000 രൂപ, സേവനമേഖലയ്ക്കായി - 13,18,88,080 രൂപ, വിദ്യാഭ്യാസം - 70,00,000 രൂപ, യുവജന ക്ഷേമം, കലാ - സാംസ്കാരികം, സ്‌പോട്സ് - 10,00,000 രൂപ, പൊതു കുടിവെളളം - 20,00,000 രൂപ, ദാരിദ്ര്യ ലഘൂകരണം - 8,00,00,000 രൂപ, വനിതാക്ഷേമം - 15,00,000 രൂപ, സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം - 9,50,00,000 രൂപ.