കലാകാരന്മാർക്കും എഴുത്തുകാർക്കും ബുദ്ധിജീവികൾക്കും പഞ്ഞമില്ലെങ്കിലും സാംസ്‌കാരിക തലസ്ഥാനം എന്ന പേര് തൃശൂരിനും അക്ഷര തലസ്ഥാനം എന്ന പേര് കോട്ടയത്തിനുമാണ് കിട്ടിയത്. ബിനാലെ വന്നതോടെ കൊച്ചി സംസ്‌കാരവും വിപണിയും കൈകോർക്കുന്ന തലസ്ഥാനമായി മാറി. അടുത്തിടെ ശംഖുംമുഖം ആർട്ട് മ്യൂസിയത്തിൽ ഈ ലേഖകൻ ക്യൂറേറ്റ് ചെയ്ത 'ബോഡി/ശരീരം' എന്ന ദേശീയ പ്രദർശനം നടന്നു. അതിന് നഗരപൗരന്മാരും സന്ദർശകരും നൽകിയ സ്വീകരണം തിരുവനന്തപുരത്തിന് കലാതലസ്ഥാനം എന്ന പേര് ലഭിക്കാനുള്ള സാധ്യതകൾ ഉണ്ടാക്കുന്നതായി നിരീക്ഷിക്കുന്നു. ശംഖുംമുഖം ആർട്ട് മ്യൂസിയം പ്രവർത്തിക്കുന്നത് പഴയ തെക്കേകൊട്ടാരത്തിലാണ്. തിരുവിതാംകൂർ രാജാവ് ആറാട്ട് കഴിഞ്ഞു കാറ്റുകൊള്ളാൻ ഉപയോഗിച്ചിരുന്ന ഒരു എടുപ്പാണ് ഇത്. ഇടക്കാലത്ത് ഇത് സ്വകാര്യവ്യക്തികളുടെ കയ്യിലായി. നിയമതർക്കങ്ങൾക്ക് ശേഷം സർക്കാരിന്റെ കൈയിൽ വന്നു. വളരെ വർഷങ്ങൾക്കു മുൻപേ ഈ കെട്ടിടത്തെ ഗ്യാലറിയോ മ്യൂസിയമോ ആക്കണമെന്ന ആശയമുണ്ടായിരുന്നു. അങ്ങിനെ കേരളത്തിലെ പ്രചുരിമയാർന്ന ചുവർചിത്ര ശൈലിയിൽ വരച്ച കുറെ ചിത്രങ്ങളുടെ പ്രിന്റുകൾ വെച്ചുകൊണ്ട് ഒരു പ്രദർശനം സംഘടിക്കപ്പെട്ടതായി പ്രിയപ്പെട്ട കലാകാരൻ ബി.ഡി ദത്തൻ ഓർക്കുന്നു. ആ ശ്രമങ്ങൾ നീണ്ടുനിന്നില്ല.
2018 ജൂണിലാണ് ചിത്രകാരനായ അജിത്കുമാർ ഡയറക്ടറായി മ്യൂസിയം പ്രവർത്തനം ആരംഭിക്കുന്നത്. നിലവിലുള്ള കണക്കുകൾ പ്രകാരം ആകാശം തെളിഞ്ഞിരിക്കുന്ന ഒരു ദിവസം ശരാശരി രണ്ടായിരത്തോളം ആളുകൾ ബീച്ചിൽ വരാറുണ്ട്. വാരാന്ത്യങ്ങളിൽ അയ്യായിരത്തോളമാണ്. പരസ്യവും ബ്രാൻഡിങ്ങും നൽകുന്നതിലൂടെ സമുദ്രതീരത്ത് ചേർന്നിരിക്കുന്ന മ്യൂസിയത്തിലേക്ക് ആളുകൾ ആകർഷിക്കപ്പെട്ടു കഴിഞ്ഞു. ഒരു ദിവസം ശരാശരി നൂറു പേർ മ്യൂസിയം സന്ദർശിക്കുന്നതായും വാരാന്ത്യങ്ങളിൽ ഇത് ഇരട്ടിയാകുന്നതായും മ്യൂസിയം കൗണ്ടറിലെ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മനസിലാകുന്നു.
മ്യൂസിയം സന്ദർശന സംസ്കാരം
തിരുവനന്തപുരത്തെ സ്‌കൂൾ - കോളേജ് കുട്ടികളെ മ്യൂസിയം സന്ദർശിപ്പിക്കുന്നതിലൂടെ മ്യൂസിയ സന്ദർശന സംസ്‌കാരം തലസ്ഥാന നഗരിയിൽ വളർത്തിയെടുക്കാനാവും. നഗരത്തിൽ ഇതിന് സഹായകമായ അത്രയും മ്യൂസിയങ്ങളും ഗ്യാലറികളും ഉണ്ട്; തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയമാണ് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സ്ഥാപിതമായ നേപ്പിയർ മ്യൂസിയം. അത് പുതുക്കിപ്പണിത് ഇന്ന് നാം കാണുന്ന രീതിയിലാക്കിയത് 1880 ൽ ആണ്. 1857 ലാണ് മൃഗശാല സ്ഥാപിതമായത്. ലോകത്തെ ഏതു മ്യൂസിയത്തോടും കിടപിടിക്കുന്നതാണ് മനോഹരമായ നേപ്പിയർ മ്യൂസിയം. ഇവിടെ നിന്നും ഏതാനും ചുവടുകൾ വച്ചാൽ ശ്രീചിത്രാ ആർട്ട് ഗ്യാലറിയായി. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ രാജാവ് 1935 ൽ സ്ഥാപിച്ച ഈ ആർട്ട് ഗ്യാലറിയിൽ രാജാ രവിവർമ്മയുടെ ഹംസ ദമയന്തി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട എണ്ണച്ചായ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. രബീന്ദ്രനാഥ് ടാഗോർ, അബനീന്ദ്രനാഥ് ടാഗോർ, ജാമിനി റോയ് തുടങ്ങിയ ബംഗാൾ സ്‌കൂൾ കലാകാരന്മാരുടെ ചിത്രങ്ങൾ, നിക്കോളാസ് റോറിക്ക്, സ്വേറ്റൊസ്‌ളാവ് റോറിക്ക് തുടങ്ങിയ റഷ്യൻ കലാകാരന്മാരുടെ ഹിമാലയ ചിത്രങ്ങൾ, ജപ്പാൻ, ചൈന എന്നിവിടങ്ങളിലെ മഷിച്ചിത്രങ്ങൾ, പ്രിന്റുകൾ, കേരളാ ചുമർചിത്രകലയുടെ നിദർശനങ്ങൾ എന്നിവയും ഉണ്ട്. രവിവർമ്മ സ്കൂളിനെ പിന്തുടർന്ന 'മാറ്റൊലി' ചിത്രകാരന്മാരുടെ വലിയൊരു ശേഖരം ഇവിടെയുണ്ട്. കേരളത്തിൽ നിന്ന് ആദ്യമായി ശാന്തിനികേതനത്തിൽ പോയ മാധവമേനോൻ എന്ന കലാകാരന്റെ പ്രകൃതിചിത്രങ്ങൾ അതിശയകരമായ തിളക്കത്തോടെ കാണികളെ ധ്യാനാത്മകതയിലേയ്ക്ക് സംക്രമിപ്പിച്ച് സ്ഥിതി ചെയ്യുന്നു. പുതുതായി സ്ഥാപിക്കപ്പെട്ട ചിത്തിര തിരുനാൾ മ്യൂസിയം തൊട്ടടുത്തുണ്ട്. ചുവർചിത്ര ശൈലിയിൽ ചിത്തിരതിരുനാളിന്റെ ഭരണകാല ചരിത്രം സൂചിപ്പിക്കുകയാണ് ഇവിടെ.
കെ.സി.എസ് പണിക്കർ ഗ്യാലറിയാണ് ഇതേ കാംപസിലുള്ള മറ്റൊരു മ്യൂസിയം/ഗ്യാലറി. കെ.സി.എസ് പണിക്കരുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കുടുംബം കേരള സർക്കാരിന് നൽകിയതിന്റെ ഫലമായി 1977 ലാണ് ഈ ഗ്യാലറി സ്ഥാപിക്കപ്പെട്ടത്. പണിക്കരുടെ എഴുപതോളം പെയിന്റിങ്ങുകൾ ഇവിടെയുണ്ട്. പണിക്കരെക്കുറിച്ച് ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഇവിടെ വരാതിരിക്കാനാവില്ല. ഒരിക്കൽ വരുന്ന സാധാരണ കാഴ്ചക്കാരന് വീണ്ടും വരാൻ തോന്നുകയും ചെയ്യും. ഇതേ കെട്ടിടത്തിന് മുകളിലാണ് താത്കാലിക പ്രദർശനങ്ങൾക്കായി വാടകയ്ക്ക് ലഭിക്കുന്ന മ്യൂസിയം ഗ്യാലറി. ഫൈൻ ആർട്‌സ് കോളേജ് കാമ്പസിൽ 2019 ഫെബ്രുവരിയിൽ ഒരു പുതിയ ഗ്യാലറി ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടുകൂടി നിർമ്മിക്കപ്പെട്ട ഈ ഗ്യാലറി വിദ്യാർത്ഥികൾക്കും പ്രൊഫെഷണൽ കലാകാരന്മാർക്കും ഉപയോഗിക്കാവുന്നതാണ്. മ്യൂസിയത്തിന് താഴെയായി വൈലോപ്പള്ളി സാംസ്‌കാരിക കേന്ദ്രത്തിൽ കേരളാ ലളിതകലാ അക്കാദമിയുടെ ഗ്യാലറി പ്രവർത്തിക്കുന്നുണ്ട്. എല്ലാ മാസവും ഇവിടെ പ്രദർശനങ്ങൾ നടക്കുന്നു.
കിഴക്കേക്കോട്ടയിൽ സ്വാതിതിരുനാൾ മ്യൂസിയവും കുതിരമാളിക മ്യൂസിയവും ഉണ്ട്. ശംഖുംമുഖം ആർട്ട് മ്യൂസിയവും വേളി കലാഗ്രാമവും കൂടി ചേർന്നാൽ ഏതാണ്ട് പത്തോളം മ്യൂസിയം/ഗ്യാലറികളാണ് തിരുവനന്തപുരത്തുള്ളത്.
ശ്രീചിത്രാ ഗ്യാലറിയ്ക്കും മൃഗശാലയ്ക്കും ഒരു പ്രവേശന കവാടമാണ്. മൃഗശാലയിലേക്കുള്ള ടിക്കറ്റ് മുപ്പത് രൂപയും ചിത്രാ ഗ്യാലറിയിലേക്കുള്ള ടിക്കറ്റ് ഇരുപത്തിയഞ്ച് രൂപയുമാണ്. പതിനായിരക്കണക്കിന് ആളുകൾ മൃഗശാല സന്ദർശിക്കുമ്പോൾ ചിത്രാഗ്യാലറി സന്ദർശിക്കുന്നവർ കേവലം നൂറോ ഇരുനൂറോ പേർ മാത്രം. ബ്രാൻഡിങ്ങിലും പൊസിഷനിങ്ങിലും ഉള്ള പ്രശ്‌നമാണിത്. ചിത്രാലയത്തിന്റെ ടിക്കറ്റ് കൊണ്ട് പണിക്കർ ഗ്യാലറി സന്ദർശിക്കാം . നേപ്പിയറിലും ചിത്തിരതിരുനാൾ എൻക്ലേവിലും കയറണമെങ്കിൽ വേറെ ടിക്കറ്റെടുക്കണം. രവിവർമ്മയുടെ ചിത്രങ്ങൾ കാണാൻ വരുന്നവർ കൂടുതലും വിദേശികളും ഉത്തരേന്ത്യക്കാരുമാണെന്ന് ഗ്യാലറി ജീവനക്കാരി പറയുന്നു. പണിക്കർ ഗ്യാലറിയിൽ താരതമ്യേന സന്ദർശകർ കുറവാണ്.
വേണം കലാഭൂപടം
ഇത്രയും റിസോഴ്സുകൾ ഉള്ള നഗരത്തിൽ എന്തുകൊണ്ട് മ്യൂസിയം സന്ദർശന സംസ്‌കാരം ഉണ്ടാകുന്നില്ല എന്ന ചോദ്യമാണ് ഈ ലേഖകനെക്കൊണ്ട് പുതിയൊരാശയം മുന്നോട്ടു വെയ്ക്കാൻ പ്രേരിപ്പിച്ചത്. മേൽപ്പറഞ്ഞ മ്യൂസിയം/ഗ്യാലറികളെല്ലാം ചേർത്തു കൊണ്ട് ഒരു ആർട്ട് മാപ്പ് അഥവാ കലാഭൂപടം ഉണ്ടാക്കുക. ഈ ഇടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആർട്ട് റൂട്ട് സജ്ജമാക്കുക. ഈ ഇടങ്ങളിലേക്ക് ദിവസം സ്‌പെഷ്യൽ ബസുകളുടെ പത്തോളം ട്രിപ്പുകൾ മ്യൂസിയം സന്ദർശകർക്ക് വേണ്ടി മാത്രം ഓടിക്കുക. ബസ് യാത്രയ്ക്കും മ്യൂസിയം സന്ദർശനത്തിനും ഒറ്റടിക്കറ്റ് ഏർപ്പെടുത്തുക. ഇങ്ങനെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് ശൈലിയിൽ ബസുകൾ ഓടിയാൽ ഒരു ടിക്കറ്റ് ഉപയോഗിച്ച് ആളുകൾക്ക് ഈ ഇടങ്ങളെല്ലാം സന്ദർശിക്കാനാകും . ഒരാൾക്ക് എത്രസമയം വേണമെങ്കിലും ഒരു മ്യൂസിയത്തിൽ ചെലവഴിക്കാനുമാകും. ഈ ആശയം ഞാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നഗരപിതാവ് വി.കെ പ്രശാന്തിന്റെയും മുന്നിൽ അവതരിപ്പിക്കുകയുണ്ടായി. സർവാത്മനാ അവർ ഈ ആശയം സ്വീകരിച്ചു. ഇനി വേണ്ടത് മാധ്യമങ്ങളുടെയും ജനങ്ങളുടെയും സഹകരണമാണ്. ഈ ആശയത്തിന് വേണ്ട പ്രചാരണവും പ്രോത്സാഹനവും ജനങ്ങൾക്കിടയിൽ നിന്ന് വന്നാലേ അധികാരികൾ ഇത് പ്രവർത്തികമാക്കൂ. തിരുവനന്തപുരം ദൃശ്യകലയുടെ തലസ്ഥാനമാകും എന്ന വിശ്വാസത്തിലാണ് ഞാൻ.
(ലേഖകന്റെ ഫോൺ നമ്പർ 8527744314)