വിതുര: ചായവും പരിസരപ്രദേശങ്ങളും ഉത്സവലഹരിയിൽ. ചായം ശ്രീഭദ്രകാളിക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക, ദേശീയനേർച്ചതൂക്ക ഉത്സവത്തിൻെറ ഭാഗമായി നാളെ രാവിലെ 8.45ന് സമൂഹപൊങ്കാല നടക്കും. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട്, ആനാട് പഞ്ചായത്തുകളിൽ നിന്നുള്ള ആയിരങ്ങൾ പൊങ്കാല അർപ്പിക്കാനെത്തും. കഴിഞ്ഞ വർഷം മൂവായിരത്തിൽ പരം ഭക്തർ പൊങ്കാല അർപ്പിച്ചു. എല്ലാ ദിവസവും പതിവ് പൂജകൾക്കും, വിശേഷാൽ പൂജകൾക്കും പുറമേ അന്നദാനവും, രാത്രിയിൽ വിവിധ കലാപരിപാടികളും അരങ്ങേറുന്നുണ്ട്. പൂജകൾക്ക് ക്ഷേത്രതന്ത്രി ഉണ്ണികൃഷ്ണൻ പോറ്റി,മേൽശാന്തി എസ്. ശംഭുപോറ്റി എന്നിവർ കാർമ്മികത്വം വഹിക്കുന്നു. ക്ഷേത്രഭാരവാഹികളായ കെ.ജെ. ജയചന്ദ്രൻ, എസ്. സുകേഷ് കുമാർ, എൻ. രവീന്ദ്രൻ നായർ, കെ. മുരളീധരൻനായർ, എസ്. ജയേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.
ഇന്ന് രാവിലെ എട്ടിന് പുറത്തെഴുന്നള്ളത്ത്, തുടർന്ന് പതിവ് പൂജകളും, വിശേഷാൽ പൂജകളും, 9ന് മെഡിക്കൽക്യാമ്പ്, ഉച്ചക്ക് 12ന് അന്നദാനം, രാത്രി 8ന് നാടകം. നാളെ രാവിലെ സമൂഹപൊങ്കാല, 9ന് ഭക്തിഗാനസുധ, ഉച്ചക്ക് 11.30ന്അന്നദാനം, വൈകിട്ട് 5ന് വണ്ടിയോട്ടം, 5.30ന് ഉരുൾ, രാത്രി 7ന് വലിയ ഉരുൾ, 8ന് താലപ്പൊലി, 9ന് പള്ളിപ്പലക എഴുന്നള്ളിപ്പ് എന്നിവ നടക്കും. രാത്രി 8ന് കലാപരിപാടികൾ നടക്കും. കഴിഞ്ഞ 9ന് ആരംഭിച്ച ഉത്സവം ഞായറാഴ്ച സമാപിക്കും.